IndiaNEWS

കോടിയേരി വീണ്ടും അവധിയിലേയ്ക്ക്…? നാളെയും മറ്റന്നാളും നിർണായ സി.പി.എം നേതൃയോഗങ്ങൾ, കാരാട്ടും യെച്ചൂരിയും പങ്കെടുക്കും

നാളെ (ഞായർ) സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തിങ്കളാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരുകയാണ്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗം പ്രകാശ് കാരാട്ട് എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംഘടനയുടെ നേതൃത്വത്തിൽ ചില ക്രമീകരണങ്ങൾ നടത്തി വരികയാണെന്നാണ് സൂചന. ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധി അനുവദിക്കുമെന്നും സൂചനയുണ്ട്. മാത്രമല്ല മന്ത്രിസഭയിൽ പ്രശ്നമുണ്ടെന്ന് കോടിയേരി തുറന്ന് സമ്മതിച്ചിരുന്നു. അതിനാൽ ഈ യോഗങ്ങൾ വളരെ നിർണായകമാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തൽ ഉണ്ടാകും. മന്ത്രിസഭാ പുനസംഘടനയ്ക്കും സാധ്യതയുള്ളതായി കിംവദന്തിയുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടിയിലും മാറ്റത്തിന്റെ ചർച്ചകൾ വരുന്നത്.

ഇതോടൊപ്പം സർക്കാരിനെ തുടർച്ചയായി പ്രതിസന്ധിയിലാക്കുന്ന ഗവർണറുടെ നടപടികളും ചർച്ചയാകും. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള യുദ്ധം അസാധാരണ തലത്തിലേക്ക് നീങ്ങുകയാണ്. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സർവകലാശാല ഭേദഗതി ബില്ലിലും ലോകായുക്ത ഭേദഗതി ബില്ലിലും ഒപ്പിടില്ലെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ആവർത്തിച്ച് സൂചിപ്പിപ്പിക്കുന്നത്.

മന്ത്രിസഭയുടെ ഉപദേശപ്രകാരം പ്രവർത്തിക്കേണ്ട ഗവർണർക്ക് എങ്ങനെ ബില്ലുകൾ അവഗണിക്കാനാകുമെന്നാണ് സർക്കാരും സിപിഎമ്മും ഉയർത്തുന്ന ചോദ്യം. ഭരണത്തിന്റെ സർവസൈന്യാധിപനാകാനുള്ള ഗവർണറുടെ ശ്രമത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടെ ഗവർണർ സർക്കാറിന് എതിരായി.

ഈ സാഹചര്യത്തിലാണ് സിപിഎം യോഗങ്ങൾ നടക്കുന്നത്. അനുനയത്തിന്റെ പാതയിലൂടെ ഗവർണറെ അടുപ്പിക്കാനുള്ള ശ്രമവും നടത്തും. ഞായറാഴ്ച രാവിലെ ചേരുന്ന സെക്രട്ടേറിയറ്റ് യോഗമാണ് അജണ്ട നിശ്ചയിക്കുക.

ഓഗസ്റ്റ് രണ്ടാംവാരം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. സര്‍ക്കാരിന്റെ വിലയിരുത്തല്‍, രാഷ്ട്രീയമായി പാര്‍ട്ടി ഏറ്റെടുക്കേണ്ട ദൗത്യം, ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവയെല്ലാം നിശ്ചയിച്ചതാണ്. ഇത് കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടമാണിത്. ജില്ലാതല റിപ്പോര്‍ട്ടിങ് പൂര്‍ത്തിയായി. ഇതിനിടയിലാണ് സംസ്ഥാന കമ്മിറ്റിയുടെ അടിയന്തരയോഗത്തിന്റെ വിവരം വ്യാഴാഴ്ചയോടെ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവരും രണ്ടുദിവസത്തെ നേതൃയോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെടുക്കുന്ന തീരുമാനത്തിന് ദേശീയ രാഷ്ട്രീയമാനമുണ്ടെന്ന പ്രത്യേകതയാണ് ഇതിന് കാരണം.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില കണക്കിലെടുത്ത് പാർട്ടി കേന്ദ്രവുമായി ഏകോപിപ്പിച്ചായിരിക്കും സംഘടനാകാര്യങ്ങൾ നടത്തുക. എ.കെ. ബാലന്‍ ഇതിനായി സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച്‌ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോടിയേരിക്ക് ആവശ്യമുള്ളത്ര വിശ്രമം അനുവദിക്കുന്ന വിധത്തില്‍ പാര്‍ട്ടികാര്യങ്ങള്‍ ക്രമീകരിക്കണമെന്നാണ് നേതൃത്വത്തിന്റെ ധാരണ. എന്നാല്‍ ഇതിന്റെ പിന്നില്‍ കോടിയേരിയെ മാറ്റുകയെന്ന തന്ത്രമുണ്ടെന്നാണ് പുറത്തു വരുന്ന സൂചന.

ഈ ഘട്ടത്തിലാണ് ലോകായുക്ത, ലാവ് ലിൻ വിഷയങ്ങൾ നീറിപ്പുകഞ്ഞു നിൽക്കുന്നത്. ദുരിതാശ്വാസ ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ വിധി എപ്പോൾ വേണമെങ്കിലും വരാം. ഇതോടൊപ്പം ലാവ് ലിൻ കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. രണ്ടും മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളാണ്. എന്തും സംഭവിക്കാം. സംസ്ഥാനത്ത് രാഷ്ട്രീയ, ഭരണപരമായ കാര്യങ്ങളിൽ അസാധാരണ സാഹചര്യം നേരിടേണ്ടി വരുമെന്ന ഈ സാഹചര്യത്തിലാണ് സിപിഎം. അടിയന്തര നേതൃയോഗം വിളിച്ചിരിക്കുന്നത്.

Back to top button
error: