KeralaNEWS

മേളത്തിൽ വിസ്മയം, പൂരനാട്ടിൽ പുതുമയായി പഞ്ചാരിയിൽ ‘തിശ്ര’മേളത്തിന് അരങ്ങേറ്റം

പൂരനാട്ടിൽ ആസ്വാദനത്തിന്റെ പുതുമയുമായി പഞ്ചാരിയിൽ ‘തിശ്ര’മേളത്തിന് പിറവി. പഞ്ചാരി മേളത്തിലെ അക്ഷരകാലങ്ങളിലെ കൊട്ടുകളെ വിന്യസിക്കുന്ന രീതിയില്‍ മാറ്റംവരുത്തിയാണ് പുതിയ വാദ്യമായ ‘തിശ്രപഞ്ചാരി’ രൂപപ്പെടുത്തിയത്. നാലു കൊട്ടോ അതിൻ്റെ ഗുണിതങ്ങളോ വരുന്ന ചതുരശ്ര രീതിയിലുള്ള പഞ്ചാരിയെ മൂന്നു കൊട്ട് ഉള്ള ‘തിശ്ര’രീതിയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചാണ് പുതിയ മേളത്തെ രൂപകൽപ്പന ചെയ്തത്.

തൃശൂർ പാറമേക്കാവ് പുഷ്പാഞ്ജലി ഹാൾ പരിസരത്തായിരുന്നു ആസ്വാദനത്തിലെ പുത്തൻ വിസ്മയത്തിന് അവതരണം. കലാനിലയം അനില്‍കുമാറിന്റെ നേതൃത്വത്തിൽ ഏറെ നാളായുള്ള പരിശ്രമത്തിലാണ് ‘തിശ്ര’യെ വികസിപ്പിച്ചെടുത്തത്. മേളത്തിലെ പുത്തൻ രീതിയെ വിലയിരുത്താൻ മേളകലാകാരൻമാരുടെ അതികായ സംഘം തന്നെ എത്തിയിരുന്നു.

Signature-ad

മേളത്തിൽ മാത്രമല്ല, കൊമ്പിലും കുഴലിലുമെല്ലാം ‘തിശ്ര’ പാഞ്ചാരിയുടെ അവതരണ രീതി വേറിട്ടു നിന്നതായിരുന്നു. 45 കലാകാരൻമാർ അണിനിരന്ന് മൂന്നു മണിക്കൂര്‍ നേരം മേളങ്ങളിലെ പുതിയ രൂപം പൂരനഗരിയിൽ ആസ്വാദനത്തിൻറെ പുത്തൻ തലമൊരുക്കി. വിലയിരുത്താനെത്തിയ വിദഗ്ദർ ചില പോരായ്മകൾ ചൂണ്ടിക്കാട്ടിയെങ്കിലും പുതിയ മേളത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അങ്ങനെ തിരുവില്വാമല വെങ്കിച്ചൻ സ്വാമികൾ തൃശൂർ പൂരത്തിനായി മഠത്തിന് മുന്നിൽ അവതരിപ്പിച്ച ‘പഞ്ചവാദ്യം’ പിറന്ന പൂരനഗരിയിൽ മേളത്തിലെ പുത്തൻതലമായ ‘തിശ്ര’യും പിറന്നു. കലാനിരൂപകന്‍ എന്‍.പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അധ്യക്ഷതഹിച്ചു. മേള-കലാവിദഗ്ദരായ കുമ്മത്ത് രാമന്‍ കുട്ടി, കലാമണ്ഡലം ശിവദാസ് എന്നിവരെ ആദരിച്ചു. കിഴക്കൂട്ട് അനിയന്‍ മാരാര്‍, ശ്രീവത്സന്‍ തിയ്യാടി, പരക്കാട് തങ്കപ്പമാരാര്‍, പെരുവനം സതീശന്‍ മാരാര്‍, കൊടകര രമേശ് എന്നിവര്‍ പങ്കെടുത്തു.
കലാനിലയം അനില്‍കുമാര്‍ ആമുഖപ്രഭാഷണം നടത്തി. മേളം വിശകലന യോഗത്തില്‍ കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരി, ശുകപുരം രാധാകൃഷ്ണന്‍, ഇരിങ്ങപ്പുറം ബാബു, കാവില്‍ സുന്ദരമാരാര്‍, കാവില്‍ അജയന്‍, കലാ. ശിവദാസ്, കല്ലൂര്‍ ഉണ്ണികൃഷ്ണന്‍, കലാ. ഹരീഷ്, കുമ്മത്ത് രാമന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. തൃക്കാമ്പുറം ജയന്‍ സ്വാഗതവും കാലടി കൃഷ്ണയ്യര്‍ നന്ദിയും രേഖപ്പെടുത്തി.

മേളത്തില്‍ പങ്കെടുത്ത കലാകാരന്‍മാരെയും യോഗത്തില്‍ ആദരിച്ചു.

Back to top button
error: