KeralaNEWS

‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമെന്ന് ആത്മഗതം; കുഴപ്പത്തിലായത് ശൈലജ ടീച്ചര്‍; ജലീലിനെയുദ്ദേശിച്ചെന്ന് വ്യാഖ്യാനം, ഖേദകരമെന്ന് ശൈലജ

തിരുവനന്തപുരം: ആത്മഗതത്തിന്റെ പേരില്‍ വിവാദത്തില്‍ച്ചാടി കെ.കെ. ശൈലജ ടീച്ചര്‍. നിയമസഭയില്‍ ലോകായുക്ത നിയമഭേദഗതി ബില്ലിന്മേലുള്ള ചര്‍ച്ചയ്ക്കിടെ ‘ഇയാള് നമ്മളെ കുഴപ്പത്തിലാക്കും’ എന്നായിരുന്നു കെ.കെ ശൈലജ എം.എല്‍.എയുടെ ആത്മഗതം.

പതിയെ പറഞ്ഞ ഇക്കാര്യം മൈക്കില്‍ വ്യക്തമായി പതിഞ്ഞു. കെ.ടി ജലീല്‍ സംസാരിക്കാന്‍ ഇടപെട്ട ഘട്ടത്തിലായിരുന്നു ശൈലജയുടെ ഈ ആത്മഗതമെന്നതാണ് വിവാദത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

Signature-ad

ജലീലിനെ ഉദ്ദേശിച്ചാണ് ശൈലജയുടെ ആത്മഗതമെന്ന് വ്യാഖ്യാനം വന്നു. ലോകായുക്ത നിയമഭേദഗതി ചര്‍ച്ചയില്‍ ശൈലജ സംസാരിച്ച് പൂര്‍ത്തിയാകുമ്പോഴേക്കും ജലീല്‍ സംസാരിക്കാനായി എഴുന്നേറ്റിരുന്നു.

ഇതോടെ ജലീലിന് വഴങ്ങി സീറ്റില്‍ ഇരിക്കുന്നതിനിടെയാണ് മെക്ക് ഓണ്‍ ആണെന്ന കാര്യം ശ്രദ്ധിക്കാതെയുള്ള ശൈലജയുടെ ആത്മഗതം.

ലോകായുക്ത വിധിയെ തുടര്‍ന്നാണ് ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്ന് ജലീലിന് രാജിവെക്കേണ്ടി വന്നത്. അതേ ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്ലിന്മേല്‍ ചര്‍ച്ചയില്‍ സംസാരിക്കാന്‍ എഴുന്നേറ്റപ്പോഴാണ് ശൈലയുടെ ആത്മഗതമെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ജലീലിന്റെ ചോദ്യത്തിന് വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍ പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണെന്ന് ശൈലജ പ്രതികരിച്ചു.

തന്റെ പരാമര്‍ശം ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണെന്നും അവര്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

 

Back to top button
error: