ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുഹൃത്തായ അദാനിക്കു വേണ്ടിയാണ് കർഷകർക്കുള്ള മിനിമം താങ്ങുവിലയ്ക്ക് സർക്കാർ നിയമപരിരക്ഷ നൽകാത്തതെന്നു ബിജെപി നേതാവും മേഘാലയ ഗവർണറുമായ സത്യപാൽ മാലിക്ക് ആരോപിച്ചു. കർഷകരെ തോൽപിക്കാനാവില്ലെന്നും ഇനിയും കർഷക സമരമുണ്ടാകുമെന്നും മേഘാലയയിലെ ചടങ്ങിൽ മാലിക്ക് പറഞ്ഞു.
നേരത്തേയും കർഷക സമരവുമായി ബന്ധപ്പെട്ടു മാലിക്ക് ബിജെപിക്കു തലവേദനയുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തിയിരുന്നു. കഴിഞ്ഞ വർഷം പ്രധാനമന്ത്രി മോദിക്ക് അഹങ്കാരമാണെന്നും കർഷക സമരത്തെക്കുറിച്ചു പുച്ഛത്തോടെയാണ് പ്രതികരിച്ചതെന്നും മാലിക്ക് പറഞ്ഞിരുന്നു.
മിനിമം താങ്ങുവില നിയമം മൂലം ഉറപ്പാക്കിയില്ലെങ്കിൽ കടുത്ത പോരാട്ടമുണ്ടാകും. കർഷകരെ പേടിപ്പിക്കാനാവില്ല. ഇഡിയെയും ഇൻകംടാക്സ് വകുപ്പിനെയും അയയ്ക്കാനാവില്ലെങ്കിൽ അവരെ എങ്ങനെ ഭയപ്പെടുത്താനാവും എന്നും മാലിക്ക് ചോദിച്ചു.
മോദി ഭരിച്ച 5 വർഷം കൊണ്ട് അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. കർഷകരിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ഗോതമ്പ് അദാനി ഹരിയാനയിൽ സൂക്ഷിച്ചിട്ടുണ്ട്. വിലക്കയറ്റമുണ്ടാകുമ്പോൾ അതു വിറ്റു കോടികൾ സമ്പാദിക്കും. ഇതൊന്നും ജനങ്ങൾ അധികകാലം പൊറുക്കില്ല. വലിയ പ്രക്ഷോഭം വരും. ഗവർണർ കാലാവധി കഴിഞ്ഞാൽ ഞാനും കർഷകർക്കു വേണ്ടി പോരാട്ടത്തിനിറങ്ങും. – മാലിക് പറഞ്ഞു.