ഹൈദരാബാദ്: സെക്കന്തരാബാദില്‍ ക്ഷേത്രസന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് എടുത്ത് കാലിനുമുന്നില്‍ വച്ചുകൊടുത്ത ബി.ജെ.പി. സംസ്ഥാന അധ്യക്ഷനെതിരേ തെലങ്കാനയില്‍ വന്‍ വിമര്‍ശനം.സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ക്ഷേത്രത്തില്‍ നിന്ന് അമിത് ഷാ പുറത്തേക്ക് വരുമ്പോഴായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് എം.പി. കൂടിയായ തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.
വീഡിയോ ട്വീറ്റ് ചെയ്ത തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) നേതാവ് കെടി രാമറാവു ബിജെപി അധ്യക്ഷനെ രൂക്ഷമായി പരിഹസിച്ചു. ‘ദില്ലി ഷൂസ്’ ചുമക്കുന്ന ഗുജറാത്തി അടിമകളെ തെലങ്കാനയിലെ ജനങ്ങള്‍ കാണുന്നുണ്ട്. തെലങ്കാനയുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനും തിരിച്ചടിയുണ്ടാകും- രാമറാവു ട്വിറ്ററില്‍ കുറിച്ചു. തെലങ്കാനയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്നവരെ തള്ളിക്കളയാനും, അത് സംരക്ഷിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തയ്യാറാവണമെന്നു അദ്ദേഹം പറഞ്ഞു.
‘തെലുങ്ക് ആത്മാഭിമാനം’ എന്ന കമന്റോടെയാണ് തെലങ്കാനയുടെ എഐസിസി ചുമതലയുള്ള മാണിക്കം ടാഗോര്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ‘ബിജെപിയില്‍ പിന്നാക്ക വിഭാഗ നേതാവിന്റെ സ്ഥാനം എന്താണെന്ന് സത്യം കാണുക- എന്നും അദ്ദേഹം വീഡിയോ പങ്കുവച്ച് ട്വീറ്ററില്‍ കുറിച്ചു. ‘ഒരു മുന്‍ ഗുണ്ടയുടെ കാല്‍ക്കല്‍ തെലുങ്ക് ആത്മാഭിമാനം അടിയറവ് വച്ചു’ എന്നായിരുന്നു തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഹാന്‍ഡില്‍ നിന്നുള്ള ട്വീറ്റിന്റെ ഉള്ളടക്കം.
മുനുഗോട് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് ഔപചാരികമായി തുടക്കം കുറിക്കുന്ന പൊതുയോഗത്തിനെത്തിയാതായിരുന്നു അമിത്ഷാ. കേന്ദ്രം പിന്തുണച്ചിട്ടും തെലങ്കാന കടക്കെണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കെസിആറിന്റെ കുടുംബാംഗങ്ങളൊഴികെ സംസ്ഥാനത്ത് ഒരു യുവാക്കള്‍ക്കും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതുപോലെ ജോലി ലഭിച്ചിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.