KeralaNEWS

പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് ഇടക്കാല സ്‌റ്റേ; യു.ജി.സിയോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. പ്രിയയുടെ നിയമനം ചോദ്യംചെയ്തുള്ള, റാങ്ക് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരനായ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി ഇനി പരിഗണിക്കുന്ന ഓഗസ്റ്റ് 31 വരെ നിയമനം തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

യു.ജി.സി. മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് പ്രിയ വര്‍ഗീസിന്റെ നിയമനവുമായി കണ്ണൂര്‍ സര്‍വകലാശാല മുന്നോട്ടുപോകുന്നത് എന്നാണ് ജോസഫ് സ്‌കറിയയുടെ പ്രധാന ആരോപണം. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള അധ്യാപന യോഗ്യത പ്രിയയ്ക്കില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിക്കുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, കേസില്‍ യു.ജി.സിയെ കക്ഷിചേര്‍ത്തു. ഹര്‍ജിക്കാരന്റെ ആരോപണങ്ങളില്‍ വിശദീകരണം നല്‍കാനാണ് യു.ജി.സിയോട് ഹൈക്കോടതി ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

Signature-ad

31-ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ യു.ജി.സി. വിശദീകരണം സമര്‍പ്പിക്കണം. യു.ജി.സി. മാനദണ്ഡപ്രകാരമുള്ള യോഗ്യത പ്രിയാ വര്‍ഗീസിനുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ യു.ജി.സിയില്‍നിന്ന് വിശദീകരണം വാങ്ങാനുള്ള തീരുമാനമാണ് ഹൈക്കോടതി കൈക്കൊണ്ടിരിക്കുന്നത്. ഹര്‍ജിയിലെ എതിര്‍കക്ഷിയായ പ്രിയാ വര്‍ഗീസിന് പ്രത്യേക ദൂതന്‍വഴി നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പരാതിയില്‍ ഗവര്‍ണര്‍, സര്‍ക്കാര്‍, കണ്ണൂര്‍ വിസി, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

ഗവര്‍ണര്‍ക്കയച്ച നോട്ടീസ് സ്റ്റാന്റിങ് കൗണ്‍സില്‍ കൈപ്പറ്റി. പ്രിയ വര്‍ഗീസിന്റെ നിയമനം നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്റ്റേ ചെയ്തിരുന്നു. പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസി.പ്രഫസറായി നിയമിക്കാനുള്ള നീക്കം രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് വ്യക്തമാക്കിയാണ് നിയമനം ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. ചാന്‍സലര്‍ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്റെ നിയമന നീക്കത്തിനെതിരെ പരാതി നല്‍കിയ ജോസഫ് സ്‌കറിയ കാലിക്കറ്റ് സര്‍വകലാശാല മലയാളം വിഭാഗം റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ഡോ.ജോസഫ് സ്‌കറിയയെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രഫസറായി നിയമിക്കാനുള്ള നീക്കം തടയുമെന്ന നിലപാടിലാണ് ഇടത് അംഗങ്ങള്‍. റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട കോടതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രം നിയമനവുമായി മുന്നോട്ട് പോകാമെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്. കഴിഞ്ഞ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ഇടത് അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനാല്‍ സ്‌കറിയയുടെ നിയമന നീക്കത്തില്‍ നിന്നും വൈസ് ചാന്‍സലര്‍ പിന്‍മാറിയിരുന്നു.

 

 

Back to top button
error: