ന്യൂഡല്‍ഹി: ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ വധിക്കാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) നീക്കം തകര്‍ത്തെന്നും ഭീകരനെ അറസ്റ്റ് ചെയ്‌തെന്നും റഷ്യ. ഭരണകക്ഷിയിലെ പ്രമുഖനായ നേതാവിനെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കാനാണ് ഐസ് ലഷ്യമിട്ടതെന്നും എന്നാല്‍ ഈ നീക്കം റഷ്യ തകര്‍ത്തെന്നും റഷ്യന്‍ ന്യൂസ് ഏജന്‍സി സ്പുട്നിക് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യന്‍ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്.എസ്.ബി.) ആണ് ഭീകരനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരെയാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടതെന്ന കാര്യം എഫ്.എസ്.ബി. വ്യക്തമാക്കിയിട്ടില്ല.
റഷ്യയില്‍ നിരോധിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനാ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതായും ഇയാള്‍ മധ്യഏഷ്യന്‍ രാജ്യക്കാരനാണെന്നും ഇന്ത്യയിലെ ഭരണകക്ഷിയിലെ ഉന്നതനേതാവിനെ ചാവേറാക്രമണത്തിലൂടെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായും എഫ്.എസ്.ബി. പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇയാളെ ചാവേറാക്രമണത്തിനായി ഐ.എസ്. സംഘടന തുര്‍ക്കിയില്‍നിന്നാണ് റിക്രൂട്ട് ചെയ്തതെന്നും എഫ്.എസ്.ബി. കൂട്ടിച്ചേര്‍ത്തു.