പ്രശസ്ത പാക് ഗായിക നയ്യാര നൂർ അന്തരിച്ചു. 71 വയസ്സായിരുന്നു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇമ്പവും ഭാവവുമാർന്ന ഗാനങ്ങളാൽ ഇന്ത്യയിലും പാകിസ്താനിലും ഒരുപോലെ ആരാധകരെ നേടിയ നയ്യാര നൂറിന് 2006-ൽ പാക് സർക്കാർ ബുൾബുൾ ഇ പാകിസ്താൻ (പാകിസ്താന്റെ വാനമ്പാടി) ബഹുമതി നൽകി ആദരിച്ചു. ഇന്ത്യയിൽ ജനിച്ച നയ്യാര പിന്നീട് പാകിസ്ഥാനിലേക്ക് കുടിയേറി.
1950 ൽ അസമിലെ ഗുവാഹത്തിയിലാണ് നയ്യാര ജനിച്ചത്. ഇന്ത്യൻ മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു നയ്യാരയുടെ പിതാവ്. ഇന്ത്യ- പാകിസ്ഥാൻ വിഭജനത്തിന് മുമ്പ് മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത് അദ്ദേഹമാണ്. 1958-ലാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ലാഹോറിലേക്ക് നയ്യാരയും കുടുംബവും കുടിയേറിയത്.
ഉപഭൂഖണ്ഡത്തിലെ ഏറ്റവും ജനപ്രിയ ഗായകരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു പാകിസ്ഥാൻ പിന്നണി ഗായികയായിരുന്നു നയ്യാര നൂർ. പാകിസ്ഥാൻ ടിവി ഷോകളിലും രാജ്യത്തുടനീളമുള്ള കച്ചേരികളിലും തത്സമയ ഗസൽ ആലാപന കച്ചേരികളിലും അവർ പ്രശസ്തയായിരുന്നു.
സംഗീതം പഠിച്ചിട്ടില്ലാത്ത നൂർ, ഗായകരായ കാനൻ ബാലയുടെയും ബീഗം അഖ്തറിന്റെയും ലതാ മങ്കേഷ്കറുടെയും പാട്ടുകേട്ടാണ് പാടാൻ തുടങ്ങിയത്. ലഹോറിലെ നാഷണൽ കോളജിൽ പഠിക്കുമ്പോൾ സർവകലാശാലയുടെ ‘റേഡിയോ പാകിസ്താൻ’ പരിപാടികളിൽ പാടിത്തുടങ്ങി. 1971-ൽ ടി.വി. സീരിയലുകളിൽ പാടി പിന്നണിഗായികയായി. ‘ഘരാന’, ‘താൻസൻ’ തുടങ്ങിയ ചലച്ചിത്രങ്ങളിൽ പാടി.
ഉറുദുകവി ബെഹ്സാദ് ലഖ്നവിയുടെ ‘ആയ് ജസ്ബ എ ദിൽ ഖർ മേ ചാഹൂം’ എന്നതാണ് അവരുടെ ഏറ്റവുംപ്രസിദ്ധമായ ഗസൽ. 1976-ൽ ഭർത്താവ് ഷെഹ്ര്യാർ സൈദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിനൊപ്പം പാടിയ ‘ബർഖാ ബർസെ ഛാട് പേർ’ എന്ന ഹിന്ദി ഗസൽ ആരാധകർ വലിയതോതിൽ കൊണ്ടാടി. 2006-ൽ ‘പ്രൈഡ് ഓഫ് പെർഫോമൻസ്’ ബഹുമതി തേടിയെത്തി. 2012-ൽ അവർ ഗാനവേദികളിൽനിന്ന് പിൻവാങ്ങി. അലി, ജാഫർ എന്നിവരാണ് മക്കൾ.