KeralaNEWS

പത്രോസ് മോര്‍ ഒസ്താത്തിയോസ് കാലംചെയ്തു

കോലഞ്ചേരി: യാക്കോബായ സഭയുടെ മുന്‍ ഡല്‍ഹി, ബംഗളൂരു ഭദ്രാസനാധിപന്‍ പത്രോസ് മോര്‍ ഒസ്താത്തിയോസ് (59) കാലംചെയ്തു. കോയമ്പത്തൂര്‍ കുപ്പുസ്വാമി ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി ദീര്‍ഘകാലം ചികിത്സയിലായിരുന്നു.

കബറടക്ക ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ഉദയഗിരി വെട്ടിക്കല്‍ എം.ഒ.സി.ടി. സെമിനാരിയിലെ സെന്റ് അപ്രേം ചാപ്പലില്‍. തൃശൂര്‍ ഭദ്രാസനത്തിലെ പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയപള്ളി ഇടവകാംഗമാണ്.

1963 നവംബര്‍ 12-നു കുന്നംകുളം പുലിക്കോട്ടില്‍ കുടുംബത്തില്‍ ജനിച്ചു. പരേതനായ പി.സി. ചാക്കോയും ശലോമിയുമാണ് മാതാപിതാക്കള്‍. സ്‌കൂള്‍ വിദ്യാഭ്യാസവും കോളജ് വിദ്യാഭ്യാസവും കോയമ്പത്തൂരിലായിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇംീഷ് സാഹിത്യത്തില്‍ ബി.എയും വെട്ടിക്കല്‍ എം.ഒ.സി.ടി. സെമിനാരിയില്‍നിന്നു ബാച്ചിലര്‍ ഓഫ് തിയോളജിയും കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ബി.ഡിയും ബംഗളൂരു ധര്‍മ്മരം വിദ്യാക്ഷേത്രത്തില്‍നിന്നു മാസ്റ്റര്‍ ഓഫ് തിയോളജിയും കരസ്ഥമാക്കി. കോയമ്പത്തൂരിലായിരിക്കെ അവിടെയുള്ള സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ അംഗത്വം സ്വീകരിച്ചിരുന്നു.

തോമസ് മോര്‍ തിമോത്തിയോസില്‍നിന്ന് 1993 ഡിസംബര്‍ 19-നു കോറൂയോ പട്ടവും 1995 ഓഗസ്റ്റ് ആറിനു കശീശാ പട്ടവും സ്വീകരിച്ചു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ 2006 ജൂെലെ മൂന്നിനു വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ പള്ളിയില്‍വച്ച് പത്രോസ് മോര്‍ ഒസ്താത്തിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്കുയര്‍ത്തി.

പത്രോസ് മോര്‍ ഒസ്താത്തിയോസിന്റെ ദേഹവിയോഗത്തില്‍ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ അനുശോചിച്ചു. ദുഃഖസൂചകമായി യാക്കോബായ സഭയുടെ എല്ലാ ദേവാലയങ്ങളിലും പള്ളിമണി മുഴക്കുകയും കറുത്ത പതാക ഉയര്‍ത്തുകയും കുര്‍ബാനയില്‍ പ്രത്യേകം പ്രാര്‍ഥന നടത്തുകയും ചെയ്യണമെന്നു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ അറിയിച്ചു.

Back to top button
error: