KeralaNEWS

“ന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും…” അട്ടപ്പാടിയിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊന്നമധുവിന്‍റെ അമ്മ, മധു വധക്കേസിലെ 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

അട്ടപ്പാടി മധു വധക്കേസിൽ 12 പ്രതികളുടെ ജാമ്യം മണ്ണാർക്കാട് കോടതി റദ്ദാക്കി. കോടതിയിൽ ഹാജരായ 4–ാം പ്രതി അനീഷ്, 7–ാംഏഴാം പ്രതി സിദ്ദീഖ്, 15–ാം പ്രതി ബിജു എന്നിവരെ റിമാൻഡ് ചെയ്തു. മറ്റുള്ള 9 പേർക്കെതിരെ വാറന്റ് പുറപ്പെടുവിച്ചു.
ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി. ഇത് സംബന്ധിച്ച തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

മണ്ണാർക്കാട് പട്ടിക ജാതി പട്ടിക വർഗ പ്രത്യേക കോടതി ജ‍ഡ്ജി കെ.എം.രതീഷ് കുമാറാണ് ജാമ്യം റദ്ദാക്കിയത്. പ്രതികള്‍ക്ക് 2018 മെയ് 30നാണ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചത്. പ്രതികള്‍ ജാമ്യ ഉപാധികള്‍ നിരന്തരം ലംഘിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞു. പ്രതികളായ മരയ്ക്കാര്‍, ഷംസുദ്ദീന്‍, നജീബ്, സജീവ് എന്നിവരാണ് കൂടുതല്‍ തവണ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇവര്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഹൈക്കോടതി ജാമ്യം അനുവദിച്ച 12 പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. അടുത്തിടെ കേസിലെ 13 സാക്ഷികൾ കൂറുമാറിയിരുന്നു.

ഇതിനിടെ അട്ടപ്പാടി മധു വധക്കേസിലെ എട്ട് പ്രതികളുടെയും ജാമ്യം റദ്ദാക്കിയതിൽ സന്തോഷമുണ്ടെന്ന് മധുവിന്‍റെ അമ്മ. തന്നെ സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും കേസുമായി മുന്നോട്ട് പോകുമെന്നും മധുവിന്‍റെ അമ്മ വ്യക്തമാക്കി.

“ന്നെ സഹായിച്ച എല്ലാവരോടും വക്കീലന്മാരോടും നന്ദിയുണ്ട്. എനിക്ക് ദൈവമുണ്ട്. കേസുമായി മുന്നോട്ടുതന്നെ പോകും. ഇപ്പോള്‍ സന്തോഷമുണ്ട്. സാക്ഷികള്‍ ഇനി കൂറുമാറില്ലെന്നാണ് കരുതുന്നത്. അന്നൊക്കെ സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തീ കത്തുകയായിരുന്നു മനസില്‍, വെള്ളം പോലും കുടിക്കാന്‍ പറ്റുന്നില്ലായിരുന്നു. ഇപ്പോഴാണ് ആശ്വാസമായത്… .”
മധുവിന്റെ അമ്മ പ്രതികരിച്ചു.

Back to top button
error: