പാലക്കാട് കോയമ്പത്തൂര്‍ ദേശീയപാതയില്‍ നെല്‍പ്പാടങ്ങളുടെ മധ്യത്തില്‍ ഇലപ്പുള്ളിയ്ക്കടുത്തായാണ് രാമശ്ശേരി എന്ന കൊച്ചു ഗ്രാമം. ഇവിടെ ചുട്ടെടുക്കുന്ന ഇഡലിയുടെ പേരില്‍ ഈ ഗ്രാമത്തിന്റെ പുകള്‍ കടല്‍ കടന്നും പോയിരിക്കുന്നു
നാടന്‍ ഇഡ്ഡലിയില്‍ നിന്നും രാമശ്ശേരി ഇഡ്ഡലിയെ വ്യത്യസ്തമാക്കുന്നത് രുചി മാത്രമല്ല. ഫ്രിഡ്ജില്‍ വയ്ക്കാതെ തന്നെ നാലു ദിവസത്തോളം ഇത് കേടു കൂടാതെയിരിക്കും. പണ്ടുകാലത്തെ രാമശ്ശേരി ഇഡ്ഡലി ഒരാഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്ന് ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.
മുതലിയാര്‍ സമുദായത്തില്‍പ്പെട്ട ചിറ്റൂരി എന്ന സ്ത്രീ ഉപജീവനമാര്‍ഗ്ഗമായാണ് രാമശ്ശേരി ഇഡ്ഡലി ഉണ്ടാക്കുനത് ആരംഭിച്ചത് എന്ന് പറയപ്പെടുന്നു. ഇവര്‍ പാരമ്പര്യമായി നെയ്ത്തുകാര്‍ ആയിരുന്നുവെന്നും തഞ്ചാവൂര്‍ നിന്നാണ് കേരളത്തിലേക്ക് വന്നതെന്നും പറയപ്പെടുന്നുണ്ട്. നെയ്ത്ത് കുറയുകയും ഉപജീവനമാര്‍ഗ്ഗം ഇല്ലതെയാവുകയും ചെയ്തതോടെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഇവര്‍ ഇഡ്ഡലി നിര്‍മ്മാണത്തിലേക്ക് തിരിയുകയായിരുന്നു എന്നാണ് ചരിത്രം. അവരുടെ പരമ്പരയില്‍പ്പെട്ട നാലോ അഞ്ചോ കുടുംബങ്ങള്‍ക്കു മാത്രമേ ഇന്നും രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യകൂട്ട് അറിയൂ.
പാലക്കാടന്‍ പൊന്നി അരിയാണ് ഇഡ്ഡലിയുടെ മാവിനായി ഉപയോഗിക്കുന്നത്. ഇതില്‍ കറുത്ത ഉഴുന്നും ഉലുവയും അരച്ചു ചേര്‍ക്കും.അരയ്ക്കുന്നതിലെ മികവും, കൂട്ടിലെ പാകവും, പിന്നെ രാമശേരിയുടെ കൈപ്പുണ്യവുമാണ് രാമശ്ശേരി ഇഡ്ഡലിയുടെ രുചി നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍.
പ്രത്യേകമായി ചെയ്ത മണ്‍ പാത്രത്തിലാണ് തട്ടു തട്ടായി ഇഡ്ഡലി ഉണ്ടാക്കുക. അതും വിറകടുപ്പ് ഉപയോഗിച്ച് മാത്രം. മണ്‍പാത്രത്തിന്റെ വായ ഭാഗത്ത് വലപോലെയുള്ള തുണി ബലമായി കെട്ടി അതില്‍ ഇഡലി മാവ് ഒഴിച്ച് മറ്റൊരു മണ്‍ പാത്രം കൊണ്ട് അടച്ചു മൂടി ആവിയില്‍ പുഴുങ്ങിയാണ് രാമശ്ശേരി ഇഡ്ഡലി നിര്‍മ്മിക്കുക. മൂന്നോളം അടുക്കുകളായി ആണ് ഇത് തയ്യാറാക്കുക.