KeralaNEWS

കണ്ണൂര്‍ സര്‍വകലാശാല നിയമനം: ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ല, വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് ചട്ടത്തെപ്പറ്റി ലവലേശം അറിവില്ലെന്ന് പ്രിയ വര്‍ഗീസ്

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് യുജിസി ചട്ടത്തെപ്പറ്റി ലവലേശം അറിവില്ല. എഫ്ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാം എന്നാണ് ചട്ടം. എഫ്ഡിപി സ്റ്റഡീ ലീവ് അല്ല എന്ന് സര്‍വ്വകലാശാല രക്ഷാ’സംഘ’ക്കാര്‍ക്ക് മനസ്സിലായിട്ടില്ലെന്നും യുജിസി ചട്ടം പകുതി മാത്രം വായിച്ചാണ് വിമര്‍ശനമെന്നും പ്രിയ വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.

Signature-ad

അതേസമയം, പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച ഗവര്‍ണ്ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാല ആശയക്കുഴപ്പത്തിലാണ്. നിയമനടപടി സ്വീകരിക്കാന്‍ സിന്റിക്കേറ്റ് വിസിയെ ചുമതലപ്പെടുത്തിയെങ്കിലും അപ്പീല്‍ പോകുന്നത് കൂടുതല്‍ ആലോചനയ്ക്ക് ശേഷം മതി എന്നാണ് നിയമോപദേശം. അതേസമയം പ്രിയ വര്‍ഗീസിനെ ഒഴിവാക്കി പട്ടിക പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഡോ. സ്‌കറിയ തോമസ് ഹൈക്കോടതിയെ സമീപിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന നടപടി ഗവര്‍ണര്‍ സ്റ്റേ ചെയ്തത്. തൊട്ട് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ വിസിയ്ക്ക് സിണ്ടികേറ്റ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ സര്‍വകലാശാലയുടെ എച്ച്ഒഡിയായ ചാന്‍സലര്‍ക്കെതിരെ എങ്ങനെ വിസി കോടതിയെ സമീപിക്കും എന്നതിലായിരുന്നു നിയമ പ്രശ്‌നം. വിസിയെ നിയമിക്കുന്നത് ചാന്‍സലറായ ഗവര്‍ണറാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഹൈക്കോടതിയെ എങ്ങനെ സമീപിക്കാനാകുമെന്ന് ചോദിച്ചിരുന്നു. ഒടുവില്‍ വിസിയ്ക്ക് പകരം റജിസ്ട്രാറിനെ കൊണ്ട് ഹര്‍ജി നല്‍കിക്കാനും സര്‍വകലാശാല ശ്രമിച്ചെങ്കിലും അപ്പീല്‍ നല്‍കുന്നതില്‍ സ്ന്റാന്റിംഗ് കൗണ്‍സിലും ചില നിയമ പ്രശ്‌നം ചൂണ്ടികാട്ടിയിട്ടുണ്ട്.

സര്‍വകലാശാലയ്ക്ക് ലഭിച്ച ഇ മെയില്‍ നിയമന നടപടി മരവിപ്പിക്കാന്‍ ഗവര്‍ണര്‍ പറഞ്ഞു എന്നാണുള്ളത്. അത് സ്റ്റേ ഉത്തരവായി പരിഗണിക്കാന്‍ കഴിയുമോ എന്നതാണ് മറ്റൊരു പ്രശ്‌നം. ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാക്കി ഹൈക്കോടതിയെ സമീപിച്ചാല്‍ മതിയെന്നാണ് തീരുമാനം. അതേസമയം അപ്പീല്‍ നല്‍കിയാല്‍ നേരിടാനാണ് രാജ്ഭവന്റെ തീരുമാനം. നിയമനം മരവിപ്പിച്ചതിന് പുറമെ നിയമന പട്ടിക തന്നെ റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഗവര്‍ണ്ണറുടെ തീരുമാനമെന്നാണ് സൂചന. ഇതിനിടെ പ്രിയ വര്‍ഗീസിനെ ഒഴിവാക്കി അസോസിയേറ്റ് പ്രൊഫസര്‍ നിയമന പട്ടിക പ്രസിദ്ധീകരിക്കാന്‍ നടപടി ആവശ്യപ്പെട്ട് റാങ്ക് പട്ടികയില്‍ രണ്ടാ സ്ഥാനത്തുള്ള ഡോ. ജോസഫ് സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി തിങ്കഴാഴ്ച കോടതി പരിഗണിക്കും.

Back to top button
error: