ദില്ലി: ബിജെപിയുടെ ഉന്നതാധികാര സമിതിയായ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡും കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയും പുനസംഘടിപ്പിച്ചപ്പോള്‍ മുതിര്‍ന്ന കേന്ദ്രമന്ത്രിയും മുന്‍ ബി.ജെ.പി. അധ്യക്ഷനുമായ നിതിന്‍ ഗഡ്കരിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പുറത്ത്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ, അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനേവാള്‍, ഒബിസി മോര്‍ച്ച ദേശീയ അധ്യക്ഷന്‍ കെ ലക്ഷ്മണ എന്നിവര്‍ ബോര്‍ഡില്‍ ഇടംപിടിച്ചു. ശിവസേന വിമതനായ ഏക്നാഥ് ഷിന്‍ഡെക്കൊപ്പം മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഉപമുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിനെയും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവിനെയും മഹിളാമോര്‍ച്ച ദേശീയ അധ്യക്ഷന്‍ വനിതി ശ്രീനിവാസനെയും തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെ ബോര്‍ഡില്‍ ഇടം പിടിച്ചപ്പോള്‍ മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാന്‍ പുറത്തായതിന് കാരണം വ്യക്തമായിട്ടില്ല. ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാര്‍ട്ടി ഘടകമാണ് പാര്‍ലമെന്ററി ബോര്‍ഡ്. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, അധ്യക്ഷന്മാര്‍ എന്നിവരെ തീരുമാനിക്കുന്നത് പാര്‍ലമെന്ററി ബോര്‍ഡാണ്. ഏറ്റവും സുപ്രധാന സമിതിയില്‍നിന്ന് ഗഡ്കരിയെപ്പോലൊരു മുതിര്‍ന്നനേതാവിനെ ഒഴിവാക്കിയത് അണികളില്‍പ്പോലും ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.
നരേന്ദ്ര മോദി സര്‍ക്കാരിലെ സീനിയര്‍ മന്ത്രിമാരില്‍ ഒരാളായ ഗഡ്കരി ബിജെപി മുന്‍ അധ്യക്ഷന്‍കൂടിയാണ്. പാര്‍ട്ടി മുന്‍ അധ്യക്ഷന്മാരെ സമിതിയില്‍ നിലനിര്‍ത്തുന്നതായിരുന്നു കീഴ്‌വഴക്കം. ബിജെപിയുടെ മറ്റൊരു മുന്‍ അധ്യക്ഷനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. ഇതോടെയാണ് ഗഡ്കരിയുടെ പുറത്താകല്‍ ചര്‍ച്ചയായിരിക്കുന്നത്.
സമിതികള്‍ പുനഃസംഘടിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് കര്‍ണാടക ബി.ജെപിയുടെ നേതാവായ ബി.എസ്. യെദ്യൂരപ്പയെ ഇരു സമിതികളിലും ഉള്‍പ്പെടുത്തിയത്. എഴുപത്തേഴുകാരനായ യെദിയൂരപ്പ പാര്‍ട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 പിന്നിട്ടിയാളാണ്. എന്നിട്ടും അദ്ദേഹത്തെ ഉള്‍പ്പെടുത്തിയത് അനുനയത്തിനായാണെന്നാണ് വിവരം. കര്‍ണാടകയില്‍ സ്വാധീനമുള്ള യെദിയൂരപ്പ മുഖ്യമന്ത്രി പദം രാജിവയ്‌ക്കേണ്ടിവന്നതിനുശേഷം അസന്തുഷ്ടനാണെന്നും അദ്ദേഹത്തെ തൃപ്തിപ്പെടുത്താനാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയതെന്നും ബിജെപി വൃത്തങ്ങള്‍ പറയുന്നു.