NEWS

മാസം 16 ലക്ഷം ശമ്പളത്തോടെ ജ്യോത്സ്യൻ;ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവിയെന്താകും ?

ന്യൂഡൽഹി : രണ്ടു മാസം മുൻപാണ് 16 ലക്ഷം രൂപ മാസ വേതനത്തിൽ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഒരു ജ്യോത്സ്യനെ നിയമിച്ചത്.ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിലെ കളിക്കാരെ പ്രചോദിപ്പിക്കാനും തടസ്സങ്ങൾ മുൻകൂട്ടി കണ്ട് പരിഹാരക്രിയയ്ക്കും വേണ്ടിയായിരുന്നു അത്.
പക്ഷെ ആ ജ്യോത്സ്യനും ഫുട്ബോൾ ഫെഡറേഷന്റെ മുകളിൽ ബാധിച്ചിരുന്ന ഗ്രഹണി കണ്ടുപിടിക്കാനായില്ല.അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ വിലക്ക് ഇന്നലെയാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ കൈപ്പറ്റിയത്.ഇതോടെ ഇന്ത്യന്‍ ഫുട്ബാളിന്റെ ഭാവിയെന്താകും എന്ന ചോദ്യം മാത്രം ബാക്കി.
ഫിഫയുടെ വിലക്ക് വന്നതോടെ ഇന്ത്യന്‍ ദേശീയ ഫുട്ബാള്‍ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് ലോക ഫുട്ബാള്‍ ഭരണസമിതി ഇന്ത്യക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.അഴിമതിയെ തുടർന്ന് ഭരണസമിതിയെ പിരിച്ചുവിടാനും നിയമനടപടികൾ സ്വീകരിക്കാനുമുള്ള സുപ്രീം കോടതിയുടെ ഉത്തരവാണ് വിലക്കിന് കാരണം. ഇതോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 വനിത ലോകകപ്പ് ​വരെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് വനിത ലോകകപ്പ് നടക്കുന്നത്. 2020ല്‍ ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡിനെ തുടര്‍ന്ന് മാറ്റിവെക്കുകയുമായിരുന്നു. എ.എഫ്‌.സി വനിത ക്ലബ് ചാമ്ബ്യന്‍ഷിപ്പ്, എ.എഫ്‌.സി കപ്പ്, എ.എഫ്‌.സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളിലും ഇന്ത്യന്‍ ക്ലബുകള്‍ക്ക് പങ്കെടുക്കാനാകില്ല.
ഇത് ആദ്യ ബാധിക്കുക ഗോകുലം കേരള ക്ലബിനെ ആകും.ഫിഫ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെതിരെ നടപടി സ്വീകരിച്ചതോടെ ഗോകുലം കേരളയ്ക്ക് ഇനി ഏഷ്യന്‍ ക്ലബ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ല.ഇന്നലെയാണ് ഏഷ്യന്‍ ക്ലബ് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഗോകുലം കേരളയുടെ വനിതാ ടീം ഉസ്ബെകിസ്താനിലേക്ക് യാത്ര തിരിച്ചത്. ഇനി ടൂര്‍ണമെന്റിൽ പങ്കെടുക്കാതെ അവർക്ക് തിരികെ ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും.

Back to top button
error: