അഹമ്മദാബാദ്:കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്ന പ്രചാരണം ശക്തമായതോടെ കൂടുതൽ എംഎൽഎമാർ ബിജെപിയിലേക്ക്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തിലാണ് സംഭവം.ഭാവേഷ് കത്താര, ചിരാഗ് കല്‍ഗരിയ, ലളിത് വസോയ, സഞ്ജയ് സോളങ്കി, മഹേഷ് പട്ടേല്‍, ഹര്‍ഷദ് റിബാദിയ എന്നിവരാണ് ബിജെപിയില്‍ ചേരാന്‍ പോകുന്ന കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഇവര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീലുമായി ചര്‍ച്ച നടത്തി.
രാജി വെക്കുന്ന ആറില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാരും പട്ടേല്‍ സമുദായക്കാരാണ്. ഗുജറാത്തിലെ വോട്ടര്‍മാരില്‍ വലിയൊരു സംഘടിത വിഭാഗമാണ് പട്ടേലര്‍മാര്‍. ഇതില്‍ നിന്ന് നാലു പേര്‍ മറുചേരിയില്‍ ചേരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും. ബിജെപിക്ക് വലിയൊരു ആശ്വാസവുമാകും. പട്ടേല്‍ സമുദായത്തിലുള്ളവരെ ബിജെപിയിലെത്തിക്കാന്‍ പ്രത്യേക പദ്ധതി പാര്‍ട്ടി ഒരുക്കിയിരുന്നു.
ഈ വര്‍ഷം അവസാനത്തിലാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഗ്രാമീണ മേഖലയില്‍ സംസ്ഥാനത്ത് ഇപ്പോഴും കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ. എന്നാല്‍ നഗരമേഖല ബിജെപിയുടെ നിയന്ത്രണത്തിലാണ്. ശക്തമായ മുന്നൊരുക്കത്തോടെ ഗ്രാമീണ മേഖലയിലെ നേതാക്കളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി.