LIFEMovie

”മുന്‍പ് ചെയ്തത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല”, ഇനി ഗ്ലാമര്‍ വേഷങ്ങളില്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്ന് നടി തമന്ന

മുംബൈ: ഇനി ഗ്ലാമറസ് വേഷങ്ങളില്‍ തന്നെ പ്രതീക്ഷിക്കേണ്ടെന്ന് നടി തമന്ന. സൂപ്പര്‍താര, ബിഗ് ബജറ്റ് സിനിമകളിലെ നായികയായി തിളങ്ങിനിന്നിരുന്ന നടിയാണ് തമന്ന. സിനിമയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിവിധ ഭാഷാ സിനിമകളില്‍ ആരാധകരെ സ്വന്തമാക്കാന്‍ തമന്നയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ഈ ആരാധകര്‍ ഇനി നിരാശപ്പെടേണ്ടിവരുമോ എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.

”സിനിമകളില്‍ സുന്ദരിയായ നായികയെ കാണുന്നത് ഞാനും ആസ്വദിച്ചിരുന്നു, എന്നാല്‍ 17 വര്‍ഷത്തോളമായി ഇന്‍ഡസ്ട്രിയില്‍ തുടരുന്ന നടി എന്ന നിലയില്‍ ഇപ്പോള്‍ സിനിമകളോടുള്ള മനോഭാവം മാറി. മുന്‍പ് ഞാന്‍ ചെയ്തത് തന്നെ ആവര്‍ത്തിക്കണം എന്ന് ആഗ്രഹിക്കുന്നില്ല. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ക്കായി എഴുതിയ വേഷങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അതൊക്കെ പ്രണയിനി ആയോ, അല്ലെങ്കില്‍ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്ന ഘടകമായോ ആയിരുന്നു. അതും നല്ലതാണ്. ഞാനും ഒരു സിനിമാ ആസ്വാദകയാണ്. സിനിമയില്‍ ഒരു സുന്ദരിയായ മുന്‍നിര നായികയെ കാണാന്‍ ഞാനും ഇഷ്ടപ്പെടുന്നു’എന്നും തമന്ന പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ പുതിയ പ്രഖ്യാപനം.

Signature-ad

ഗ്ലാമറസ് നായികയായി അഭിനയ്ക്കുമ്പോഴും തന്റേതായ ചില ചട്ടങ്ങള്‍ പാലിച്ച നടിയായിരുന്നു തമന്ന. ഓണ്‍ സ്‌ക്രീനില്‍ ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് നടി തുടക്കം മുതലേ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ഒപ്പുവയ്ക്കുമ്പോള്‍, തമന്നയുടെ കോണ്‍ട്രാക്റ്റില്‍ ഇക്കാര്യം പ്രത്യേകം ഉണ്ടാവാറുണ്ടെന്നാണ് വിവരം. ഇത് ട്രോളുകള്‍ക്കും വഴിവച്ചിരുന്നു.

അതേസമയം, ‘ബബ്‌ലി ബൗണ്‍സര്‍’ എന്ന ചിത്രമാണ് തമന്നയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. മധുര്‍ ഭണ്ടാര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡയറക്ട് ഒടിടി റിലീസായി സെപ്റ്റംബര്‍ 23ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ബബ്‌ലി’ എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ തമന്നയെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: