IndiaNEWS

പ്രമുഖ വ്യവസായിയും ഇന്ത്യയിലെ ‘ഓഹരി രാജാവു’മായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു

ദില്ലി: രാജ്യത്തെ പ്രമുഖ വ്യവസായിയും ട്രേഡറും ഇന്‍വെസ്റ്ററുമായ രാകേഷ് ജുന്‍ജുന്‍വാല അന്തരിച്ചു. 62 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ മുംബൈയിലെ വസതിയില്‍വച്ച് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ ഓഹരി വിപണിയിലെ അദ്ഭുത മനുഷ്യനായിട്ടാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. വെറും 5000 രൂപയുമായി നിക്ഷേപക രംഗത്തേക്ക് വന്ന ജുന്‍ജുന്‍വാല സ്വപ്രയത്‌നം കൊണ്ട് ഉന്നതങ്ങള്‍ കീഴടക്കിയ വ്യക്തിയാണ്. രാജ്യത്തെ അതിസമ്പന്നരില്‍ 36ാം സ്ഥാനത്തായിരുന്ന അദ്ദേഹത്തിന്റെ ആസ്തി മരിക്കുമ്പോള്‍ 5.8 ബില്യണ്‍ ഡോളറായിരുന്നു.

1960 ജൂലൈ അഞ്ചിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. മുംബൈയില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ബിരുദ പഠനത്തിന് ശേഷം ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ കൊയ്ത അദ്ദേഹം പില്‍ക്കാലത്ത് ആപ്‌ടെക് ലിമിറ്റഡ് ചെയര്‍മാനായും ഹംഗാമ ഡിജിറ്റല്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. പ്രൈം ഫോക്കസ് ലിമിറ്റഡ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ബില്‍കെയര്‍ ലിമിറ്റഡ്, പ്രാജ് ഇന്റസ്ട്രീസ് ലിമിറ്റഡ്, പ്രൊവോഗ് ഇന്ത്യ ലിമിറ്റഡ്, കോണ്‍കോര്‍ഡ് ബയോടെക്, ഇന്നോവസിന്ത് ടെക്‌നോളജീസ്, മിഡ് ഡേ മള്‍ട്ടിമീഡിയ, നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനി, വൈസ്‌റോയ് ഹോട്ടല്‍സ്, ടോപ്‌സ് സെക്യൂരിറ്റി കമ്പനികളുടെയെല്ലാം ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Signature-ad

ബിഗ് ബുള്‍ ഓഫ് ഇന്ത്യ, കിങ് ഓഫ് ബുള്‍ മാര്‍ക്കറ്റ് എന്നെല്ലാം അദ്ദേഹത്തെ ബിസിനസ് ലോകം വിശേഷിപ്പിച്ചിരുന്നു. ആകാശ എയര്‍ വിമാനക്കമ്പനിയാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപത്തിലെ അവസാനത്തേത്. മുന്‍ ജെറ്റ് എയര്‍വേസ് സിഇഒ വിനയ് ദുബെക്കൊപ്പമാണ് ഈ കമ്പനി തുടങ്ങിയത്. നിലവില്‍ രണ്ട് വിമാനങ്ങളുള്ള കമ്പനി 70 എയര്‍ക്രാഫ്റ്റുകളുമായി ആഭ്യന്തര വിമാന സര്‍വീസ് രംഗത്ത് കുതിച്ചു ചാട്ടത്തിന് ഒരുങ്ങി നില്‍ക്കെയാണ് നെടുംതൂണായ രാകേഷ് ജുന്‍ജുന്‍വാലയുടെ മരണം.

Back to top button
error: