SportsTRENDING

വനിതാ ഐപിഎല്ലുമായി ബിസിസിഐ, ആദ്യ സീസണ്‍ അടുത്തവര്‍ഷം മാര്‍ച്ച് മുതല്‍

മുംബൈ: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്‍ ടൂര്‍ണമെന്‍റ് അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടും നില്‍ക്കുന്ന ടൂര്‍ണമെന്‍റാവും നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പുരുഷന്‍മാരുടെ ഐപിഎല്ലിലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കിടക്ക് വനിതാ ടി20 ചലഞ്ച് ടൂര്‍ണമെന്‍റാണ് ബിസിസിഐ നടത്തുന്നത്. ഇതിന് പകരമാണ് പൂര്‍ണ വനിതാ ഐപിഎല്‍ വരുന്നത്. മാര്‍ച്ച് ആദ്യവാരം ടൂര്‍ണമെന്‍റ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തവര്‍ഷം ഫെബ്രുവരി ഒമ്പത് മുതല്‍ 26 വരെ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് തൊട്ടുപിന്നാലെയായിരിക്കും വനിതാ ഐപിഎല്‍ ആവേശവും എത്തുക. ആദ്യ സീസണില്‍ അഞ്ച് ടീമുകളാകും ഉണ്ടാകുക. പിന്നീട് ഇത് ആറ് ടീമുകളായി വിപുലീകരിക്കും. വനിതാ ഐപിഎല്‍ ടീമുകളെ സ്വന്തമാക്കാന്‍ നിരവധിപേര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അധികം വൈകാതെ ടീമുകള്‍ക്കായുള്ള ലേല നടപടികളിലേക്ക് ബിസിസിഐ കടക്കുമെന്നാണ് സൂചന. അടുത്തവര്‍ഷം വനിതാ ഐപിഎല്‍ തുടങ്ങുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും നേരത്തെ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു.

നിലവിലെ ഐപിഎല്‍ ടീമുടമകളായ മുംബൈ ഇന്ത്യന്‍സും രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സുമെല്ലാം വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളായ സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരെയെല്ലാം വനിതാ ഐപിഎല്ലില്‍ കാണാനാകും. ഈ വര്‍ഷം ജൂണില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇതിഹാസ താരം മിതാലി രാജും വനിതാ ഐപിഎല്ലിന്‍റെ ആദ്യ സീസണില്‍ ഭാഗമാവാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്.

Back to top button
error: