KeralaNEWS

വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് കരുത്തേകാന്‍ അതിവേഗ നിരീക്ഷണ കപ്പല്‍

തിരുവനന്തപുരം: വിഴിഞ്ഞം തീരസംരക്ഷണ സേനക്ക് അതിവേഗ നിരീക്ഷണ കപ്പലായ ഐ.സി.ജി.എസ്. അനഘ് (ICGS- 246) കൈമാറി. വിഴിഞ്ഞം തീര സംരക്ഷണ സേന ജെട്ടിയില്‍വച്ച് ഇന്നാണ് കപ്പല്‍ കൈമാറിയത്. കേരളത്തിന്റെ തീരദേശ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാവും ഐ.സി.ജി.എസ്. അനഘ് അതിവേഗ നിരീക്ഷണ കപ്പലിന്റെ സാന്നിധ്യം.

ഉള്‍ക്കടലിലടക്കം തിരച്ചില്‍ നടത്താനും രക്ഷാപ്രവര്‍ത്തനത്തിനും ഈ കപ്പല്‍ വലിയ സഹായമാകും. കപ്പല്‍ കൈമാറ്റ ചടങ്ങില്‍ കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തരം) ഡോ വി വേണു മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമീപഭാവിയില്‍ ഈ പ്രദേശത്തെ ഏറ്റവും തിരക്കേറിയ ഷിപ്പിംഗ് ഹബ്ബായി മാറുമെന്നാണ് കരുതുന്നത്. അതിനാല്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്തേണ്ടതിന്റെ തന്ത്രപരമായ ആവശ്യമുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് അനഘ് കപ്പല്‍ വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ ഭാഗമായത്.

Signature-ad

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ലിമിറ്റഡ് തദ്ദേശീയമായി നിര്‍മ്മിച്ച കപ്പലാണ് ഐ സി ജി എസ് അനഘ്. പ്രതികൂല കാലാവസ്ഥയിലും പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള കപ്പലാണിത്. 15 ദിവസം തുടര്‍ച്ചയായി കടലില്‍ തങ്ങാന്‍ കപ്പലിന് കഴിയും. ആയുധങ്ങളും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങളും കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. അമിത് ഹൂഡയാണ് കപ്പലിന്റെ കമ്മാന്റന്റ്. മറ്റ് അഞ്ച് ഉദ്യോഗസ്ഥരും 33 ജീവനക്കാരുമാണ് കപ്പലിലുള്ളത്.

കേരളത്തിന്റെയും മാഹിയുടെയും ചുമതലയുള്ള തീരസംരക്ഷണ സേനാ മേഖലാ കമാന്‍ഡര്‍, വിഴിഞ്ഞം തീരസംരക്ഷണ സേന കമാന്‍ഡര്‍, പാങ്ങോട് മിലിട്ടറി സ്റ്റേഷന്‍ കമാന്‍ഡര്‍, ശംഖുമുഖം എയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍, അനഘിന്റെ കമ്മന്റിങ് ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Back to top button
error: