CrimeNEWS

സ്വര്‍ണംപൊട്ടിക്കാന്‍ ആളെ വിട്ടു; അര്‍ജുന്‍ ആയങ്കിയെ ഒന്നാം പ്രതിയാക്കി പുതിയ കേസ്

കൊണ്ടോട്ടി: കരിപ്പൂര്‍വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നപേരില്‍ അര്‍ജുന്‍ ആയങ്കിക്കെതിരേ പുതിയ കേസ്. കഴിഞ്ഞ ദിവസം കരിപ്പൂരില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം പിടികൂടിയതുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ജുനെ ഒന്നാം പ്രതിയാക്കി കരിപ്പൂര്‍ പോലീസ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാന്റെ പുരയ്ക്കല്‍ മൊയ്തീന്‍കോയ (52), പള്ളിച്ചന്റെ പുരയ്ക്കല്‍ മുഹമ്മദ് അനീസ് (32), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരയ്ക്കല്‍ അബ്ദുല്‍ റഊഫ് (36), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), യാത്രക്കാരനായ തിരൂര്‍ കാളാട് കാവീട്ടില്‍ മഹേഷ് (42) എന്നിവരെ കഴിഞ്ഞദിവസം സ്വര്‍ണവുമായി പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. ഈ കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുനെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.

ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ വിമാനത്താവളത്തില്‍നിന്ന് ഇവരില്‍ മൂന്നുപേരെ പോലീസ് പിടികൂടിയതോടെയാണ് പ്രതികളുടെ സ്വര്‍ണം പൊട്ടിക്കല്‍ നീക്കം പരാജയപ്പെട്ടത്. യാത്രക്കാരന്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ സംഘം കരിപ്പൂരിലെത്തുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. സംശയം തോന്നിയ ഇവരെ പിടികൂടി ചോദ്യംചെയ്തപ്പോള്‍ യാത്രക്കാരനെ സ്വീകരിക്കാനെത്തിയതാണെന്നാണ് പറഞ്ഞത്. യാത്രക്കാരനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു. ഇവരുടെ ഫോണില്‍നിന്ന് സ്വര്‍ണവുമായി വരുന്ന യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുകയുംചെയ്തു. ഇതോടെയാണ് അറസ്റ്റുണ്ടായത്.

ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വരുന്ന മഹേഷ് കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനെത്തിയതാണെന്നും അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി മൊയ്തീന്‍കോയയാണ് സഹായം ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മഹേഷിനെ പിടികൂടി പരിശോധിച്ചപ്പോള്‍ സ്വര്‍ണം കൊണ്ടുവന്നതായി വ്യക്തമായി. അര്‍ജുന്‍ ആയങ്കിയുമായും മൊയ്തീന്‍കോയയുമായും മഹേഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ പരിശോധനയില്‍ വ്യക്തമായെന്ന് പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊയ്തീന്‍കോയയെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അര്‍ജുന്‍ ആയങ്കി സുഹൃത്താണെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് മൂന്നുപേരെ വിമാനത്താവളത്തിലേക്കയച്ചതെന്നുമാണ് മൊയ്തീന്‍കോയ മൊഴി നല്‍കിയത്. കാപ്‌സ്യൂള്‍ ഉരുക്കി പരിശോധിച്ചതില്‍ 885 ഗ്രാം സ്വര്‍ണം കണ്ടെത്തി. വിദേശത്തുനിന്ന് നൗഷാദ് എന്നൊരാളാണ് മഹേഷിന്റെ പക്കല്‍ സ്വര്‍ണം കൊടുത്തയച്ചത്. കേസില്‍ അര്‍ജുന്‍ ആയങ്കിക്കുള്ള പങ്കിനെക്കുറിച്ച് പോലീസ് വെളിപ്പെടുത്തിയില്ല. എഫ്.ഐ.ആര്‍. വെബ് സൈറ്റില്‍നിന്ന് മാറ്റിയിട്ടുമുണ്ട്.

അന്വേഷണം തുടരുകയാണെന്നും റിമാന്‍ഡില്‍ കഴിയുന്നവരെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. കൂട്ടായ കവര്‍ച്ച ആസൂത്രണം ചെയ്യുകയും ഇതിനായി സംഘടിക്കുകയും ചെയ്തതിനാണ് ഇവരുടെ പേരില്‍ കേസെടുത്തത്. കഴിഞ്ഞവര്‍ഷം ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വേറെയും കേസുകള്‍ ഇയാളുടെ പേരിലുണ്ട്.

Back to top button
error: