പതിമൂന്നുകാരൻ ആദിലിന്റെ ധീരതയിൽ റെയില്‍വേ ട്രാക്കില്‍ ബോധരഹിതനായി കിടന്ന മധ്യവയസ്കൻ ജീവിതത്തിലേക്ക്. പിറവം റോഡ് റെയില്‍വേ സ്റ്റേഷനു സമീപം തോന്നല്ലൂർ കട്ടിംഗിലെ പാളത്തില്‍ വീണുകിടന്ന ശ്രാങ്കുഴിയില്‍ മോഹന (60)നാണ് പതിമ്മൂന്നുകാരനായ ആദിലിൻ്റെ ധീരത കൊണ്ട് ജീവൻ തിരിച്ചു കിട്ടിയത്.
ആദിലും അനിയന് ആദര്‍വും വീടിന് സമീപം റെയില്‍വേ ട്രാക്കിന് താഴെയുള്ള പാടത്ത് ചൂണ്ടയിടാന്‍ പോയപ്പോഴാണ് ഒരാള്‍ ട്രാക്കില്‍ തലയിടിച്ച് വീണു രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടത്. ഇതേസമയം, എറണാകുളം ഭാഗത്തുനിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന കൊച്ചുവേളി എക്സ്പ്രസിന്റെ ചൂളംവിളി കാഞ്ഞിരമറ്റത്തു നിന്നും കേട്ടു. ആദില്‍ ഉടന്‍തന്നെ മോഹനനെ ട്രാക്കില്‍നിന്നു വലിച്ചു മാറ്റി, അപ്പോഴേക്കും ട്രെയിനും പാഞ്ഞുപോയി. തുടര്‍ന്ന് കുട്ടികള്‍ ബഹളം വച്ച് ആളുകളെക്കൂട്ടി മോഹനനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തോന്നല്ലൂര്‍ ശ്രാങ്കുഴിയില്‍ സിജു – അമ്പിളി ദമ്പതികളുടെ മകനായ ആദില്‍ സിജു വെള്ളൂര്‍ കുഞ്ഞിരാമന് മെമ്മോറിയല്‍ ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ആദിലിനെ ആഗസ്റ്റ്15ന് കുഞ്ഞിരാമന് മെമ്മോറിയല്‍ സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ അനുമോദിക്കുമെന്നു സ്കൂള്‍ മാനേജര്‍ കെ.ആര്. അനില്‍കുമാര്‍, പിടിഎ പ്രസിഡന്റ് ജയന് മൂര്‍ക്കാട്ടില്‍, ഹെഡ്മിസ്ട്രസ് എസ്. ഗീത എന്നിവര്‍ പറഞ്ഞു.