കൊളംബോ: ഇന്ത്യയുടെ തന്ത്രപ്രധാന മേഖലകളുടെ രഹസ്യങ്ങള്‍ക്ക് ഭീഷണിയായി ശ്രീലങ്കയിലെ ഹമ്പന്‍തോട്ട തുറമുഖത്ത് നങ്കൂരമിടാന്‍ ശ്രമിച്ച ചൈനീസ് ചാരക്കപ്പല്‍ ദിശമാറ്റിയതായി റിപ്പോര്‍ട്ട്. മുന്‍ നിശ്ചയിച്ച പ്രകാരം ഇന്നലെയാന് ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഹമ്പന്‍തോട്ട തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ ഇതുവരെ കപ്പല്‍ ഇവിടെ എത്തിയിട്ടില്ല.
തുറമുഖ അധികൃതര്‍ അനുമതി നല്‍കാഞ്ഞതിനെത്തുടര്‍ന്നാണ് ചൈനീസ് ചാരക്കപ്പല്‍ ഹമ്പന്‍തോട്ടയിലേക്ക് എത്താഞ്ഞത് എന്നുകരുതുന്നു. അതേസമയം, പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോര്‍ട്ട് അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടുമില്ല. തുറമുഖം ലക്ഷ്യമാക്കിയ കപ്പല്‍ അവിടെ എത്താതെ എങ്ങോട്ടുപോയി എന്നതില്‍ ആശയക്കുഴപ്പവും ആകാംക്ഷയും നിലനിന്നിരുന്നു. എന്നാല്‍ യുവാന്‍ വാങ് 5 ആന്‍ഡമാന്‍ ദ്വീപ് മേഖലയിലേക്ക് ദിശമാറ്റിയതായാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അത്യാധുനിക ചാരസംവിധാനങ്ങളടങ്ങിയ ചൈനീസ് കപ്പല്‍ ഹമ്പന്‍തോട്ട തുറമുഖത്തേക്ക് അടുക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ഇത് ശ്രീലങ്കയെ അറിയിക്കുകയും ചെയ്തു. ഇന്ത്യയുടെ ആശങ്ക കണക്കിലെടുത്ത് കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ലങ്കയും ചൈനീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന ഇതെല്ലാം തള്ളുകയും നങ്കൂരമിടുമെന്ന് ആവര്‍ത്തിച്ച് യാത്രതുടരുകയുമായിരുന്നു. കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിര്‍പ്പിനെ ‘ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്.
ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈല്‍, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്‌നലുകള്‍ കപ്പലിന് ചോര്‍ത്താനാകുമെന്നതാണ് ഇന്ത്യയുടെ ഭയം. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലെ നിരീക്ഷണത്തിനാണു കപ്പലിന്റെ വരവെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു. 750 കിലോമീറ്റര്‍ ആകാശദൂരത്തുള്ള ഉപഗ്രഹ സിഗ്‌നലുകള്‍ അടക്കം ചോര്‍ത്താന്‍ ചൈനീസ് കപ്പലിന് കഴിയും. കല്‍പാക്കം, കൂടംകുളം ആണവ നിലയങ്ങളും ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രവും കപ്പലിന്റെ ചാര വലയത്തിനുള്ളിലാവും. ഇൗ പശ്ചാത്തലത്തിലാണ് ചൈനീസ് ചാരക്കപ്പലിന്റെ ഹമ്പന്‍തോട്ട യാത്ര തടയാന്‍ ഇന്ത്യ മുന്നിട്ടിറങ്ങിയത്.