KeralaNEWS

പാക് അധീന കശ്മീര്‍ ആസാദ് കശ്മീരെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ; പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച മുന്‍മന്ത്രി കെ.ടി. ജലീല്‍ എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍. കശ്മീര്‍ സന്ദര്‍ശനത്തിനിടെ പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് വിവാദ പരാമര്‍ശം ഉള്ളടങ്ങിയിരിക്കുന്നത്. യാത്രാക്കുറിപ്പ് എന്ന നിലയില്‍ പഞ്ചാബ്, കശ്മിര്‍ യാത്രകളുടെ വിവരങ്ങളടങ്ങിയ ചിത്രങ്ങളും കുറിപ്പുമാണ് ജലീല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്.

അതില്‍ കശ്മിരിനെപ്പറ്റി പറയുന്ന ഭാഗത്ത് ” പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം ‘ആസാദ് കാശ്മീര്‍” എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം. ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍”-എന്ന് ജലീല്‍ പറയുന്നു. ഈ പരാമര്‍ശമാണ് വിവാദത്തിലായത്.

ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ് ജലീലിന്റെ ആസാദ് കശ്മീര്‍ പരാമര്‍ശം. പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീര്‍ എന്നാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സര്‍ക്കാരുകളും എല്ലാക്കാലവും വിശേഷിപ്പിക്കുന്നത്. പാക് നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് ലോകവേദിയിലടക്കം ഇന്ത്യ ഉന്നയിക്കുമ്പോഴാണിത്. കശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇന്ത്യ അംഗീകരിക്കാതിരുന്നത് ഇത് ഉന്നയിച്ചാണ്. ഈ ഘട്ടത്തിലാണ് പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍ എന്ന് അറിയപ്പെട്ടുവെന്ന് ജലീല്‍ പറയുന്നത്.

ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകള്‍ മുതല്‍ക്കേ ജനങ്ങളോട് ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.

‘രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരുകാശ്മീരുകള്‍ക്കും സ്വയം നിര്‍ണ്ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേര്‍ന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവര്‍ക്ക് നല്‍കിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതില്‍ ജനങ്ങള്‍ ദു:ഖിതരാണെന്നും’ ജലീല്‍ പോസ്റ്റില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായതിനു പിന്നാലെ ബിജെപി നേതാക്കള്‍ രൂക്ഷ വിമര്‍ശനവുമായി ജലീലിനെതിരേ രംഗത്തുവന്നിരുന്നു.

പഴയ സിമി നേതാവായ കെടി ജലീലില്‍ നിന്നും ഇന്ത്യാവിരുദ്ധതയല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത ജലീലിന് ഒരു നിമിഷം പോലും എംഎല്‍എയായി തുടരാനാവില്ല. ഇന്ത്യന്‍ അധിനിവേശ കാശ്മീര്‍ എന്ന പ്രയോഗം പാക്കിസ്ഥാന്റേതാണ്. ജലീലിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തണം. ഭരണഘടനാ വിരുദ്ധമായ ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

 

Back to top button
error: