KeralaNEWS

കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയും ഇരയല്ലേയെന്ന് സുപ്രീം കോടതി; പിതാവ് പകപോക്കിയതാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്നും ചോദ്യം

ദില്ലി: കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ ആരോപണവിധേയായ അമ്മയും ഇരയല്ലേയെന്ന് സുപ്രീം കോടതി. അമ്മ നിരപരാധിയാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും വിചാരണ വേണമെന്നും ആവശ്യപ്പെട്ട് മകന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ചോദ്യം.

അമ്മയ്‌ക്കെതിരായ മകന്റെ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന് സംശയിച്ച് കൂടെയെന്നും പിതാവ് പകപോക്കുകയാണെന്ന് സംശയിക്കാതിരിക്കുന്നത് എങ്ങനെയെന്നും കോടതി ചോദ്യമുയര്‍ത്തി. എന്നാല്‍ പരാതിക്ക് പിന്നില്‍ അച്ഛനാണെന്ന ആരോപണം മകന്റെ അഭിഭാഷകന്‍ നിഷേധിച്ചു. ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയില്‍ ആയിരുന്നപ്പോഴാണ് മകന്‍ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ വാദിച്ചു. മകന്‍ ഇപ്പോള്‍ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിന് മറുപടിയായാണ് അമ്മയും ഇരയാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.

Signature-ad

കേസില്‍ തന്റെ ഭാഗം കേള്‍ക്കാതെയുള്ള ഏകപക്ഷീയമായ നടപടിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് മകന്‍ വാദിച്ചു. ഇടക്കാല ഉത്തരവിനിടെ കേസ് റദ്ദാക്കിയെന്നും മകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അമ്മയെ കുറ്റവിമുക്തയാക്കുന്ന റിപ്പോര്‍ട്ടിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ എതിര്‍പ്പ് ഹാജരാക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. ഇതിനായി രണ്ടാഴ്ചത്തെ സമയവും കോടതി നല്‍കി. കോടതിയില്‍ സമര്‍പ്പിക്കുന്ന വിവരങ്ങളില്‍ എന്തെങ്കിലും ഉണ്ടെന്ന് ബോധ്യമായാലേ നോട്ടീസ് അയയക്കൂവെന്നും ആരെയും ബുദ്ധിമുട്ടിക്കാന്‍ നോട്ടീസ് അയയ്ക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അമ്മ മകനെ പീഡിപ്പിച്ചതിന് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യകേസ് എന്ന നിലയില്‍ ഏറെ വിവാദവും ശ്രദ്ധയും നേടിയ കേസാണ് കടയ്ക്കാവൂര്‍ പോക്സോ കേസ്. പതിമൂന്നുകാരനായ മകനെ അമ്മ ലൈംഗികമായി പിഡീപ്പിച്ചെന്നായിരുന്നു ആരോപണം. കേസില്‍ അറസ്റ്റിലായ അമ്മയ്ക്ക് പിന്നീട് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം നല്‍കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടര്‍ന്ന് ആരോപണം വ്യാജമാണെന്നും അമ്മ നിരപരാധിയാണെന്നും കാട്ടി ഡോ. ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ വര്‍ഷം ജൂണില്‍ റിപ്പോര്‍ട്ട് നല്‍കി. വിദേശത്ത് അച്ഛനൊപ്പം കഴിയുമ്പോള്‍ കുട്ടി അശ്ലീലവിഡീയോ കാണുന്നത് കണ്ടുപിടിച്ചിരുന്നു. ഈ സമയം രക്ഷപ്പെടാന്‍ അമ്മ പീഡിപ്പിച്ചുവെന്ന പരാതി ഉന്നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

മാനസികാരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെ എട്ട് ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം 12 ദിവസം ആശുപത്രിയില്‍ പാര്‍പ്പിച്ച് കുട്ടിയെ പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് നല്‍കിയത്. ശാസ്ത്രീയ പരിശോധനയില്‍ കുട്ടി പറയുന്നത് വിശ്വാസയോഗ്യമല്ലെന്നായിരുന്നു കണ്ടെത്തല്‍. അമ്മയുടെ മൊബൈലിലൂടെ കുട്ടി സ്ഥിരമായി അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്ന് കൗണ്‍സിലിങ്ങില്‍ വ്യക്തമായിരുന്നു. കേസിന് പിന്നില്‍ കുട്ടിയുടെ അച്ഛന് പങ്കുണ്ടെന്ന് അറസ്റ്റിലായ യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പരാതിക്ക് പിന്നില്‍ മറ്റു പ്രേരണയില്ലെന്നാണ് അന്വേഷണ സംഘം നല്‍കിയ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയും തിരുവനന്തപുരം പോക്‌സോ കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നു.

Back to top button
error: