IndiaNEWS

ഔദ്യോഗിക നിര്‍ദേശമായി, അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസിന് നല്‍കണം; ലക്ഷ്യം നിയമലംഘകര്‍ രാജ്യം വിടുന്നത് തടയാന്‍

ഡല്‍ഹി: രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡെറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസ്സിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനങ്ങള്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിമാനക്കമ്പനികള്‍ യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ കസ്റ്റംസ് അധികാരികളുമായി നിര്‍ബന്ധമായും പങ്കുവെക്കണം. നിയമലംഘകര്‍ രാജ്യം വിട്ടുപോകുന്ന നടപടികള്‍ തടയാനാണിത്.

പേര്, ബന്ധപ്പെടേണ്ട വിവരങ്ങള്‍, പേയ്മെന്റ് വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവരങ്ങളാണ് കസ്റ്റംസിന് കൈമാറേണ്ടത്. രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും കൃത്യമായ കണക്കുകള്‍ പരിശോധിക്കാന്‍ ഇതിലൂടെ സാധിക്കും. കള്ളക്കടത്ത് പോലുള്ള ഏതെങ്കിലും അനധികൃത വ്യാപാരം തടയാന്‍ സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നു. കൂടാതെ സാമ്പത്തികവും അല്ലാതെയുമുള്ള തട്ടിപ്പുകള്‍ക്ക് ശേഷം കുറ്റവാളികള്‍ രാജ്യം വിടുന്നത് തടയാനും ഇതിലൂടെ പ്രയോജനപ്പെടും. സിബിഐസി സ്ഥാപിച്ച നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍-പാസഞ്ചര്‍, കസ്റ്റംസ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷണം നടത്തുന്നതിനും നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്കോ സര്‍ക്കാര്‍ വകുപ്പുകള്‍ക്കോ വിവരങ്ങള്‍ ശേഖരിക്കാം.

രാജ്യാന്തര യാത്രക്കാരുടെ പിഎന്‍ആര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന 60 രാജ്യങ്ങളുണ്ട്. ഇതോടെ ഇന്ത്യ ഇതില്‍ അംഗമാകും. നിലവില്‍ വിമാനക്കമ്പനികള്‍ ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് യാത്രക്കാരുടെ പേര്, ദേശീയത, പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ എന്നിവ മുന്‍കൂട്ടി നല്‍കണം. 2017 ലെ യൂണിയന്‍ ബജറ്റില്‍ 24 മണിക്കൂര്‍ മുമ്പ് യാത്രക്കാരുടെ പിഎന്‍ആര്‍ വിശദാംശങ്ങള്‍ എയര്‍ലൈനുകള്‍ പങ്കിടണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക നിര്‍ദേശം വരുന്നത് ഇപ്പോള്‍ മാത്രമാണ്.

യാത്രക്കാരുടെ പേര്, ബില്ലിംഗ്/പേയ്മെന്റ് വിവരങ്ങള്‍ (ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍), ടിക്കറ്റ് ഇഷ്യൂ ചെയ്ത തീയതിയും ഒപ്പം യാത്ര ചെയ്യുന്നവരുടെ പേരുകളും ഉള്‍പ്പെടുന്ന വിവരങ്ങളില്‍ എയര്‍ലൈന്‍ കമ്പനികള്‍ നല്‍കണം. നീരവ് മോദി, വിജയ് മല്യ, മെഹുല്‍ ചോക്സി എന്നിവരുള്‍പ്പെടെ 38 സാമ്പത്തിക കുറ്റവാളികളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യം വിട്ടതെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ വിവരം. വ്യവസായിയും മുന്‍ എംപിയുമായ വിജയ് മല്യ 9,000 കോടി രൂപ വെട്ടിച്ച്, 2016 മാര്‍ച്ച് 2 ന് രാജ്യം വിട്ടു. 13,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ മെഹുല്‍ ചോക്സിയും ആന്റിഗ്വയിലേക്കും ബാര്‍ബുഡയിലേക്കും രക്ഷപ്പെട്ടു. ഈ ചട്ടങ്ങള്‍ പാലിക്കാത്ത വിമാന ഓപ്പറേറ്റര്‍മാര്‍ കുറഞ്ഞത് 25,000 രൂപയും പരമാവധി 50,000 രൂപയും പിഴ അടയ്ക്കേണ്ടിവരും.

 

Back to top button
error: