കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള 11 ദേശീയ പാതകളാണ് സംസ്ഥാനത്ത് കൂടി കടന്നു പോകുന്നത്. എന്‍എച്ച് 66 (തലപ്പാടി – ഇടപ്പള്ളി – കളയിക്കാവിള), എന്‍എച്ച് 544 (വാളയാര്‍ – ഇടപ്പള്ളി), എന്‍എച്ച് 85 (ബോഡിമേട്ട് – കുണ്ടന്നൂര്‍), എന്‍എച്ച് 744 (കൊല്ലം – കഴുത്തുരുത്തി), എന്‍എച്ച് 766 (കോഴിക്കോട് – മുത്തങ്ങ), എന്‍എച്ച് 966 (കോഴിക്കോട് – പാലക്കാട്), എന്‍എച്ച് 183 (കൊല്ലം – തേനി), എന്‍എച്ച് 966 ബി (വെല്ലിംഗ്ടണ്‍ ഐലന്‍ഡ് – കുണ്ടന്നൂര്‍), എന്‍എച്ച് 966 എ (വല്ലാര്‍പ്പാടം – കളമശേരി), എന്‍എച്ച് 183 എ (ഭരണിക്കാവ് – വണ്ടിപ്പെരിയാര്‍), എന്‍എച്ച് 185 (അടിമാലി – കുമളി) എന്നവയാണവ.
ഇവയുടെ ആകെ നീളം ഏകദേശം 1800 കിലോമീറ്ററിന് അടുത്ത് വരും. അതായത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ഈ ദേശീയ പാതകളിലൂടെ ആണെന്നും ദേശീയ പാതാ അതോറിറ്റിക്കാണ് ഈ റോഡുകളുടെ അറ്റകുറ്റപ്പണിയുടെ ചുമതല എന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു.
സംസ്ഥാനപാത ഉള്‍പ്പെടെ ഏകദേശം 30000 കിമി മുതല്‍ 32000ത്തോളം കിലോമീറ്റര്‍ വരെ മാത്രമാണ് പൊതുമരമാത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ എന്നും പിഡബ്ല്യുഡി പറയുന്നു.ഇനി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലെ റോഡുകള്‍ പരിശോധിക്കുകയാണെങ്കില്‍ കോര്‍പ്പറേഷനുകള്‍ക്ക് കീഴില്‍ ഏതാണ്ട് 6000 കിലോ മീറ്റര്‍ റോഡുകള്‍ സംസ്ഥാനത്തുണ്ട്.. മുനിസിപ്പാലിറ്റികള്‍ക്ക് കീഴില്‍ ഏകേദേശം 19,000 കിലോമീറ്റര്‍ റോഡുകളും ഗ്രാമ പഞ്ചായത്തുകള്‍ക്ക് കീഴില്‍ ഏകദേശം 1.65 ലക്ഷം കിലോമീറ്റര്‍ റോഡുകളും ഉണ്ട്..” ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
ഇനി സംസ്ഥാനത്തെ മറ്റ് വകുപ്പുകളുടെ കീഴിലുള്ള റോഡുകള്‍ പരിശോധിച്ചാല്‍ വനം വകുപ്പിന് കീഴില്‍ ഏകദേശം 4000 കിലോമീറ്ററുകളോളം റോഡുകളും ഇറിഗേഷന്‍ വകുപ്പിന് കീഴില്‍ 2500 കിലോമീറ്ററോളം റോഡുകളും വരും. മാത്രമല്ല, ഇന്ത്യന്‍ റെയില്‍വേയുടെയും വൈദ്യുത വകുപ്പിന്‍റെയും കീഴിലും സംസ്ഥാനത്ത് റോഡുകളുണ്ട്.ഇതിന്റെയൊന്നും ചുമതല പിഡബ്ല്യുഡിക്ക് അല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.