NEWS

കേരളാ ലോട്ടറിക്ക് സമാന്തരമായി എഴുത്ത് ലോട്ടറി; മലപ്പുറത്ത് ഒരാൾ അറസ്റ്റിൽ

മലപ്പുറം:കേരളാ ലോട്ടറിക്ക് സമാന്തരമായി പ്രവര്‍ത്തിക്കുന്ന എഴുത്ത് ലോട്ടറി വ്യാപകമായതോടെ നടന്ന പരിശോധനയില്‍ ഒരാള്‍ അറസ്റ്റില്‍.

കാളികാവ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഒരാളെ പിടികൂടിയത്. കൊടിഞ്ഞി നന്നമ്ബ്ര സ്വദേശി ചാനത്ത് വിഷ്ണു(22)വിനെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ കടയുടമ ചെമ്മാട് പാന്തോളൊടി അരുണി(24)ന്റെ പേരില്‍ പൊലീസ് കേസെടുത്തു.

സമ്മാനാര്‍ഹമായ കേരളാ ലോട്ടറികളുടെ അവസാനത്തെ മൂന്ന് അക്ക നമ്ബറുകള്‍ അടിസ്ഥാനമാക്കിയാണ് വ്യാജ ലോട്ടറികള്‍ പ്രവര്‍ത്തിക്കുന്നത്. നാല് സമ്മാനങ്ങളാണ് നല്‍കുന്നത്. 25,000 രൂപയാണ് ഒന്നാം സമ്മാനം. 2500 രൂപ രണ്ടാം സമ്മാനവും 500 രൂപ മൂന്നാം സമ്മാനവും ഗ്യാരണ്ടി പ്രൈസായി 100 രൂപയുമാണ് നല്‍കുന്നത്. എസ് ഐ. ടി പി മുസ്തഫയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Signature-ad

മലപ്പുറത്ത് വ്യാജ നോട്ടുകളും വ്യാജ ലോട്ടറികളും വിതരണം ചെയ്യുന്ന സംഘം സജീവമാകുകയാണ്.കഴിഞ്ഞ ദിവസം 600 രൂപയുടെ ലോട്ടറി ടിക്കറ്റ് എടുത്ത് 2000 രൂപയുടെ വ്യാജനോട്ട് കൊടുത്ത് 1400 രൂപ ബാക്കി വാങ്ങി മുങ്ങിയ രണ്ടു പേർ അറസ്റ്റിലായിരുന്നു.

കാസര്‍ഗോഡ് ചിറ്റാരിക്കല്‍ സ്വദേശി അഷറഫ് (48), കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി പ്രജീഷ് (37) എന്നിവരെയാണ് പെരുമ്ബടപ്പ് പൊലീസ് അറസ്റ്റ്‌ ചെയ്തത്.

 

പെരുമ്ബടപ്പ് കാട്ടുമാടം സ്വദേശിയും ലോട്ടറി വില്‍പ്പനക്കാരനുമായ കൃഷ്ണന്‍ കുട്ടിക്കാണ് ഇവര്‍ 2000 രൂപയുടെ വ്യാജ നോട്ട് നല്‍കി കബളിപ്പിച്ചത്.

 

 

കൃഷ്ണൻ കുട്ടിയുടെ പരാതിയിൽ പെരുമ്ബടപ്പ് പൊലീസ് കേസ്സ് രജിസറ്റര്‍ ചെയ്യുകയും തുടര്‍ന്നുള്ള അന്വേഷണത്തിൽ പ്രതികള്‍ അറസ്റ്റിലാകുകയുമായിരുന്നു. നോട്ടുകള്‍ക്ക് പുറമെ വ്യാജ ലോട്ടറിയും അറസ്റ്റിലായ സംഘം നിര്‍മിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും 2970 രൂപയും 31 വ്യാജ ലോട്ടറികളും വാഹനവും പിടിച്ചെടുത്തു.

Back to top button
error: