തിരുവനന്തപുരം: ഓണത്തിന് മൂന്നാഴ്ച ശേഷിക്കെ ദക്ഷിണ റെയില്‍വേ ആകെ പ്രഖ്യാപിച്ചത് അഞ്ച് ട്രെയിനും പത്ത് സര്‍വീസും മാത്രം.
ചെന്നൈയിലേക്ക് ഒന്നും എഗ്മോർ താംബരം എന്നിവിടങ്ങളിലേക്ക് ഓരോന്നും, മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഓരോ ട്രെയിന്‍ വീതവുമാണ് അനുവദിച്ചത്.ഇതിൽ പലതും സർവീസ് ആരംഭിക്കുന്നത് നാഗർകോവിലിൽ നിന്നും.
ചെന്നൈ-എഗ്മോറിന്റെ(0607) മടക്കയാത്ര ഡിൺഡിഗൽ,മധുരെ വഴിയാണ്.നാഗർകോവിലിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്യും.
യാത്രക്കാര്‍ കൂടുതലുള്ള മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകളുമില്ല.
നിലവിലുള്ള കേരള എക്സ്പ്രസ്, ചെന്നൈ മെയില്‍, നേത്രാവതി എക്സ്പ്രസ് തുടങ്ങി പ്രധാന ട്രെയിനുകളിലൊക്കെ ഓണം സീസണില്‍ ടിക്കറ്റ് കിട്ടാനില്ല.കോവിഡ് നിയന്ത്രണത്തില്‍ ഇളവ് വന്നതോടെ ഓണക്കാലത്ത് നാട്ടിലെത്താന്‍ മോഹിച്ചവരെയാണ് യാത്രാക്ലേശം വലക്കുന്നത്.
നേരത്തേ ട്രെയിനുകള്‍ അനുവദിക്കാതെ അവസാനഘട്ടത്തില്‍ പ്രത്യേക നിരക്കില്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ച് തല്‍ക്കാലിന്റെയും പ്രീമിയം തല്‍ക്കാലിന്റെയും പേരില്‍ യാത്രക്കാരെ കൊള്ളയടിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.