ആലപ്പുഴ: എല്‍.ഡി.എഫിന്റെ സമരത്തില്‍ പങ്കെടുത്തശേഷം വീട്ടിലെത്തിയ കേരളാ കോണ്‍ഗ്രസ്(എം) നേതാവ് കുഴഞ്ഞുവീണു മരിച്ചു. പി.ടി. ചാക്കോ ഫൗണ്ടേഷന്‍ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്(എം) ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗവുമായ പള്ളാത്തുരുത്തി മുക്കത്തുവീട്ടില്‍ മുക്കം ബേബി(68)യാണു മരിച്ചത്.
കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ എല്‍.ഡി.എഫ്. ഇന്നലെ രാവിലെ നടത്തിയ ആലപ്പുഴ ബി.എസ്.എന്‍.എല്‍ ഓഫീസ് മാര്‍ച്ചിലും ധര്‍ണയിലും ബേബി പങ്കെടുത്തിരുന്നു. ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
40 വര്‍ഷമായി നെഹ്‌റുട്രോഫി വള്ളംകളി എക്‌സിക്യൂട്ടീവ് അംഗമായ ബേബി ജലമേളയുടെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ്. പരേതരായ എം.ജെ. വര്‍ഗീസിന്റെയും മറിയാമ്മയുടെയും മകനായ ബേബി അവിവാഹിതനാണ്.
സഹോദരങ്ങള്‍: ജോസ് മുക്കം, ബേബിച്ചന്‍, റോസമ്മ, മാത്യു, മുക്കം ജോണി (സംസ്ഥാന സെക്രട്ടറി, കേരള കോണ്‍ഗ്രസ്-ബി), പരേതരായ തോമസ്, സിബിച്ചന്‍. സംസ്‌കാരം ഇന്ന് 2.30 ന് പഴവങ്ങാടി മാര്‍ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയില്‍.