കോഴിക്കോട്: വിദേശത്തുനിന്ന് കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ ആളും, ഇത് കവര്‍ച്ച ചെയ്യാനെത്തിയ സംഘവും കരിപ്പൂരില്‍ അറസ്റ്റിലായി. ആകെ അഞ്ച് പേരാണ് പിടിയിലായത്. ഇതില്‍ നാല് പേരും സ്വര്‍ണ കവര്‍ച്ചാ സംഘത്തിലുള്ളവരാണ്. മലപ്പുറം സ്വദേശി മഹേഷാണ് 974 ഗ്രാം സ്വര്‍ണം വിദേശത്ത് നിന്ന് കടത്തിയത്. പരപ്പനങ്ങാടി സ്വദേശികളായ മൊയ്ദീന്‍ കോയ, മുഹമ്മദ് അനീസ്, അബ്ദുല്‍ റഊഫ്, സുഹൈല്‍ എന്നിവരാണ് മഹേഷില്‍ നിന്ന് ഈ സ്വര്‍ണം തട്ടിയെടുക്കാനായി എത്തിയത്. അഞ്ച് പേരെയും കരിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം രണ്ട് ശ്രീലങ്കന്‍ വനിതകള്‍ കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടിയിലായി. കൊളംബോയില്‍ നിന്ന് വിമാന മാര്‍ഗം കൊച്ചിയിലെത്തിയ സിദു മിനി മിസന്‍ സാല, സെവാന്തി ഉത്പാല എന്നിവരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൈയ്യോടെ പിടികൂടിയത്. ഇവരുവരും ഗുളിക രൂപത്തിലാക്കിയ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. 980 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് ഇവരുടെ പക്കല്‍ നിന്ന് പിടികൂടിയത്. കസ്റ്റംസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിഭാഗത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അടുത്തിടെ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതിയില്‍ വര്‍ദ്ധനവുണ്ടായതോടെ കള്ളക്കടത്ത് കൂടുതല്‍ ലാഭമായതാണ് സ്വര്‍ണ്ണക്കടത്ത് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമായും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് സ്വര്‍ണം വന്‍തോതില്‍ കടത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും സ്വര്‍ണം കടത്തുന്നുവെന്നാണ് ഇന്നത്തെ സംഭവത്തിലൂടെ വ്യക്തമാകുന്നത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ ജിദ്ദയില്‍നിന്ന് വന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ എത്തിയ മലപ്പുറം സ്വദേശി അലി സ്വര്‍ണവുമായി പിടിയിലായിരുന്നു. 50 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണ മിശ്രിതം കണ്ടെടുത്തത്. സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തില്‍ നാല് പാക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിച്ച് വെച്ചായിരുന്നു കസ്റ്റംസ് പരിശോധനയില്‍ നിന്നും അലി രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റെ വിശദമായ പരിശോധനയില്‍ അലി ഒളിച്ചുവെച്ച സ്വര്‍ണം പിടികൂടുകയായിരുന്നു.