ഇസ്ലാമാബാദ്: പാകിസ്ഥാന് ടെലിവിഷന്‍ ചാനലായ എആര്‍വൈ ന്യൂസിന്റെ സീനിയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അമ്മദ് യൂസഫ് അറസ്റ്റില്‍. സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ചാനല്‍ സംപ്രേഷണം നിര്‍ത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് അറസ്റ്റ്. രാജ്യദ്രോഹപരമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തിയത്. കറാച്ചിയിലെ ഡിഎച്ച്എ ഏരിയയിലെ വസതിയില്‍ നിന്ന് വാറന്റില്ലാതെയാണ് യൂസഫിനെ അറസ്റ്റ് ചെയ്തതെന്ന് എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
”പൊലീസ് ഉദ്യോഗസ്ഥരും സാധാരണ വസ്ത്രം ധരിച്ച ഉദ്യോഗസ്ഥരും അമ്മദ് യൂസഫിന്റെ വീട്ടില്‍ ബലമായി പ്രവേശിച്ചു. റെയ്ഡിനെത്തിയ സംഘം യൂസഫിന്റെ വീട്ടിലെ സിസിടിവി ക്യാമറകള്‍ മാറ്റി, പ്രധാന കവാടത്തിന്റെ മുകളില്‍ നിന്ന് വീട്ടിലേക്ക് ചാടുകയായിരുന്നു ഇവര്‍” – എആര്‍വൈ ന്യൂസ് പ്രസ്താവനയില്‍ പറഞ്ഞു:
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന തരത്തില്‍ ആക്ഷേപകരവും വിദ്വേഷവും രാജ്യദ്രോഹപരവുമായ ഉള്ളടക്കം സംപ്രേഷണം ചെയ്തതിനാണ് ചാനലിനെ വിലക്കിയതെന്ന് വ്യക്തമാക്കി പാകിസ്ഥാന് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പിഇഎംആര്‍എ) ചാനലിന് നോട്ടീസ് നല്‍കിയിരുന്നു. ഗവണ്മെന്റും സേനയും തമ്മില്‍ വിള്ളലുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെ സായുധ സേനയ്ക്കുള്ളില്‍ കലാപത്തിന് പ്രേരണ നല്‍കുന്നതാണ് ഉള്ളടക്കമെന്നാണ് വിലയിരുത്തല്‍. ഓഗസ്റ്റ് 10-ന് നേരിട്ട് ഹാജരാകാന്‍ ചാനലിന്റെ സിഇഒയോട് പിഇഎംആര്‍എ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു. ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ബുധനാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ലത്തീഫ് റാത്തര്‍ ഉള്‍പ്പെടെ മൂന്ന് ലഷ്കര്‍-ഇ-തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടത്. കശ്മീരി പണ്ഡിറ്റ് രാഹുല്‍ ഭട്ട്, ടിക് ടോക് താരം അമ്രീന്‍ ഭട്ട് എന്നിവരുടെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണ് ലത്തീഫ് റാത്തറെന്നാണ് പൊലീസ് പറയുന്നത്.