ദോഹ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ കിക്കോഫിനു ഇനി 100 ദിനങ്ങൾ മാത്രം.
2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ നടക്കുന്നത്.സാധാരണ ജൂൺ ജൂലൈ മാസങ്ങളിലാണ് ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ അരങ്ങേറുക.എന്നാൽ ഖത്തറിൽ ഈ സമയം കനത്ത ചൂടാകും എന്നതിനാലാണ് മത്സരങ്ങൾ നവംബർ ഡിസംബർ മാസങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.
ഇരുപത്തിരണ്ടാമത് ലോകകപ്പിനാണ് ഖത്തർ വേദിയാവുന്നത്.അറബ് മേഖലയിലേക്കു ആദ്യമായെത്തുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറ് കൂടിയാണ് ഇത്.2018 ലെ റഷ്യൻ ലോകകപ്പിന് ശേഷം മഹാമാരിയും യുദ്ധങ്ങളും അധിനിവേശങ്ങളും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ പിന്നിട്ടാണ് ലോക ഫുട്‌ബോൾ മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുന്നത്.
പതിമൂന്ന് രാജ്യങ്ങൾ പങ്കെടുത്ത ഉറുഗ്വായിൽ നടന്ന പ്രഥമ ലോകകപ്പിൽ നിന്നും 22ാ മത് ഖത്തർ ലോകകപ്പിൽ എത്തുമ്പോൾ 32 രാജ്യങ്ങളാണ് മത്സരത്തിന് ഇറങ്ങുന്നത്. എന്നാൽ ഡിസംബർ 18 ന് നടക്കാനിരിക്കുന്ന ഫൈനൽ മത്സരം ആകുമ്പോഴേക്കും ലോകം രണ്ട് പക്ഷങ്ങൾ മാത്രമായി മാറും.ഫുട്‌ബോൾ എന്ന വികാരം അത്രത്തോളം കായിക പ്രേമികളിൽ പതിഞ്ഞു കിടക്കുന്ന ഒന്നാണ്.