നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹം പോലെ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് നേടി എന്നത്. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്ത വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പുറത്തുവിട്ടിരുന്നു. ഇത് നെറ്റ്ഫ്ലിക്സുമായി ഏര്‍പ്പെട്ട കരാറിന്‍റെ ലംഘനമാണെന്നും ആയതിനാല്‍ അവര്‍ ഇതില്‍ നിന്ന് പിന്മാറിയെന്നുമൊക്കെ പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ പ്രചരണങ്ങളില്‍ വസ്തുതയില്ലെന്നും വിവാഹ വീഡിയോ തങ്ങള്‍ തന്നെ സ്ട്രീം ചെയ്യുമെന്നും അറിയിച്ച് നെറ്റ്ഫ്ലിക്സും രംഗത്തെത്തി. ഇപ്പോഴിതാ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്.
https://twitter.com/Netflix_INSouth/status/1556877022592258048?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1556877022592258048%7Ctwgr%5E5f03b104145aeb85acb60c83dcb231c1afd73609%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FNetflix_INSouth%2Fstatus%2F1556877022592258048%3Fref_src%3Dtwsrc5Etfw
നയന്‍താര: ബിയോണ്ട് ദ് ഫെയറിടെയില്‍ എന്ന പേരിലാണ് ഡോക്യുമെന്‍ററി എത്തുക. നയന്‍താര- വിഘ്നേഷ് വിവാഹം മാത്രമല്ല, മറിച്ച് വിവാഹത്തിലേക്ക് എത്തിച്ച അവര്‍ക്കിടയിലെ ബന്ധവും ഇരുവരുടെയും സ്വകാര്യ ജീവിതവുമൊക്കെ ചേര്‍ന്നതാവും ഡോക്യുമെന്‍ററി. വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൌതം വസുദേവ് മേനോന്‍ ആണ്.
സോഷ്യല്‍ മീഡിയയില്‍ അക്കൌണ്ടുകള്‍ പോലും ഇല്ലാത്ത, സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന താരമാണ് നയന്‍താര. അതേസമയം തെന്നിന്ത്യയില്‍ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള നായികാ താരവും. ആയതിനാല്‍ത്തന്നെ ഡോക്യുമെന്‍ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്ലിക്സ്.
മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. രജനീകാന്തും ഷാരൂഖ് ഖാനും അജിത്ത് കുമാറും വിജയ്‍യും സൂര്യയുമടക്കം പ്രമുഖ താരങ്ങളുടെ വലിയ നിര വിവാഹത്തിനും പിന്നീട് നടന്ന വിരുന്നിനും എത്തിയിരുന്നു. ആ താരനിര പോലെ പകിട്ടേറിയതായിരുന്നു വിരുന്നുമേശയും. കേരള, തമിഴ് വിഭവങ്ങളുടെ വ്യത്യസ്തമായ രുചിക്കൂട്ട് അതിഥികള്‍ക്ക് നവ്യാനുഭവമായി. വിഘ്നേഷിന് വിവാഹ സമ്മാനമായി 20 കോടിയുടെ ബംഗ്ലാവാണ് നയന്‍താര നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വിവാഹപ്പിറ്റേന്ന് ഇരുവരും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയിരുന്നു. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം.