IndiaNEWS

വണ്ടിയില്ല, 1.73 ലക്ഷം രൂപ വിലമതിക്കുന്ന 4 സ്വര്‍ണ മോതിരമുണ്ട്, സ്വത്തുക്കളില്‍ വര്‍ധനയും; പ്രധാനമന്ത്രി മോദിയുടെ പുതിയ ആസ്തി വിവരങ്ങള്‍…

ദില്ലി: പ്രധാനമന്ത്രി മോദിയുടെ ജംഗമ സ്വത്തുക്കളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26.13 ലക്ഷം രൂപയുടെ വര്‍ധനവുണ്ടായെന്ന് ആസ്തി വിവരക്കണക്കുകള്‍. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട രേഖകളലാണ് ഇക്കാര്യം പറയുന്നത്. നരേന്ദ്ര മോദിക്ക് ആകെ 2.23 കോടിയിലധികം മൂല്യമുള്ള ആസ്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

2022 മാര്‍ച്ച് 31 വരെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കൂടുതലും ബാങ്ക് നിക്ഷേപമായിട്ടാണ് പ്രധാനമന്ത്രിയുടെ ആസ്തി. അദ്ദേഹത്തിന് ബോണ്ടിലോ ഷെയറിലോ മ്യൂച്വല്‍ ഫണ്ടുകളിലോ നിക്ഷേപമില്ല. സ്വന്തമായി വാഹനവുമില്ല. എന്നാല്‍ 1.73 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ മോതിരങ്ങളുണ്ട്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ അദ്ദേഹത്തിന് വിഹിതമായി ലഭിച്ച ഭൂമി ദാനം ചെയ്തതിനാല്‍ സ്ഥാവര സ്വത്തുക്കളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വത്തുക്കളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ടായെങ്കിലും 2021 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് നേരത്തെയുണ്ടായിരുന്ന 1.1 കോടി രൂപ വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കള്‍ അദ്ദേഹത്തിന് ഇനി സ്വന്തമല്ല.

പ്രധാനമന്ത്രിയുടെ ഓഫീസ് വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത വിശദാംശങ്ങള്‍ പ്രകാരം, 2022 മാര്‍ച്ച് 31 വരെ അദ്ദേഹത്തിന്റെ ആകെ ആസ്തി 2.23 കോടി രൂപയാണ്. 2002 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മൂന്ന് പേരോടൊപ്പം അദ്ദേഹം ഭൂമി വാങ്ങി. എന്നാല്‍, തന്റെ ഓഹരിയായ 25 ശതമാനം ഭൂമി അദ്ദേഹം ദാനം ചെയ്തതിനാല്‍ ഇപ്പോള്‍ ഉടമസ്ഥതയില്ല. കണക്കുപ്രകാരം 35,250 രൂപയാണ് പ്രധാനമന്ത്രിയുടെ കൈയിലുള്ളത്. പോസ്റ്റ് ഓഫീസിലുള്ള നാഷണല്‍ സേവിംഗ്‌സില്‍ 9,05,105 രൂപയും 1,89,305 രൂപ മൂല്യമുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുമുണ്ട്. ബാങ്ക് ബാലന്‍സ് 1,52,480 രൂപയില്‍ നിന്ന് 46,555 രൂപ കുറഞ്ഞു.

മറ്റ് മന്ത്രിമാരും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് 2.54 കോടി രൂപയുടെ ജംഗമ വസ്തുക്കളും 2.97 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളും സ്വന്തമായുണ്ട്. ധര്‍മേന്ദ്ര പ്രധാന്‍, ജ്യോതിരാദിത്യ സിന്ധ്യ, ആര്‍കെ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, പര്‍ഷോത്തം രൂപാല, ജി കിഷന്‍ റെഡ്ഡി എന്നിവരും സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി. മുക്താര്‍ അബ്ബാസ് നഖ്വിയും തന്റെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

 

Back to top button
error: