KeralaNEWS

ഇടുക്കി, വയനാട് ജില്ലകളിൽ വിനോദ സഞ്ചാരത്തിന് നിരോധനം

ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ വയനാട്ടിലും ഇടുക്കിയിലും വിനോദ സഞ്ചാരത്തിന് നിരോധനം. കുറുവാ ദ്വീപ്, മേപ്പാടി തൊള്ളായിരംകണ്ടി ഉള്‍പ്പടെ ജില്ലയിലെ എല്ലാ മലയോര പ്രദേശങ്ങളിലേക്കും ഇനിയൊരറിയിപ്പു വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി ജില്ല കലക്ടര്‍ എ ഗീത അറിയിച്ചു.

തുടര്‍ച്ചയായി ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലും വിനോദ സഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിറക്കി. നിരോധനങ്ങള്‍ ജില്ലാ അതിര്‍ത്തികളിലും ടൂറിസം കേന്ദ്രങ്ങളിലും കര്‍ശനമായി നടപ്പിലാക്കുന്നതിന് ജില്ലാ പൊലീസ് മേധാവി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.

കാലവര്‍ഷത്തോടനുബന്ധിച്ചുള്ള ശക്തമായ മഴയെ തുടര്‍ന്ന് മൂന്നാര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഉരുള്‍പ്പൊട്ടലുകളും മണ്ണിടിച്ചിലുകളും മൂലം മാര്‍ഗ്ഗതടസ്സങ്ങളും വളരെയധികം നാശനഷ്ടങ്ങളും ഉണ്ടാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പ്രതികൂല കാലാവസ്ഥാ സമയങ്ങളിലും അവധി ദിവസങ്ങള്‍ ഉള്‍പ്പടെ ജില്ലയിലെ പ്രധാന ടൂറിസം മേഖലയായ മൂന്നാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിരവധി ടൂറിസ്റ്റുകള്‍ എത്തിച്ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതാണ്. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ എല്ലാ വിധ വിനോദസഞ്ചാരവും ഇനിയൊരുത്തരവുണ്ടാകുന്നതുവരെ ദുരന്ത നിവാരണ നിയമം 2005 പ്രകാരം നിരോധിച്ചിട്ടുള്ളതാണ്, കലക്ടര്‍ ഉത്തരവില്‍ പറഞ്ഞു.

Back to top button
error: