മുൻകൂട്ടി ബുക്ക് ചെയ്ത 33 യാത്രക്കാരുടെ യാത്ര മുടക്കാതെ കെ എസ് ആർ ടി സി മിന്നൽ സർവീസിലെ ജീവനക്കാർ
തിരുവനന്തപുരം: 06/08/2022 ശനിയാഴ്ച രാത്രി 08.00 മണിക്ക് തിരുവനന്തപുരത്തു നിന്നും കോട്ടയം വഴി സുൽത്താൻ ബത്തേരിയിലേക്കു പുറപ്പെടുന്ന മിന്നൽ സൂപ്പർ ഡീലക്സ് (2000TVMSBY) സർവീസിൽ മുൻ കൂട്ടി ബുക്ക് ചെയ്ത 33 യാത്രക്കാരുടെ യാത്ര മുടക്കാതെ മിന്നൽ സർവീസിലെ ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ.
കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി യൂണിറ്റ് ഓപ്പറേറ്റ് ചെയുന്ന ഈ മിന്നൽ സർവീസ് തിരിച്ചു തിരുവനന്തപരത്തു നിന്നും സുൽത്താൻ ബത്തേരിയിലേക്കു പുറപ്പെടുന്നതിനു മുൻപായി തിരുവനന്തപുരത്തു നിന്നും ഡീസൽ നിറക്കാൻ ചെന്നപ്പോൾ ഡീസൽ ഇല്ല എന്ന് അധികൃതരുടെ മറുപടി.
പിന്നീട് കൊട്ടാരക്കര ഡിപ്പോയിൽ വിളിച്ചു ചോദിച്ചപ്പോൾ അവിടെ ഡീസൽ ഉണ്ട് അവിടെ നിന്നും നിറക്കാം എന്ന് അറിയിച്ചതിനെ തുടർന്ന് കൊട്ടാരക്കര എത്തിയപ്പോൾ യൂണിറ്റിൽ ഡീസൽ ഇല്ല.നിലവിൽ ഈ ബസിന്റെ അപ്പ് ട്രിപ്പിലും ഡൌൺ ട്രിപ്പിലും കൂടുതലും ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തതിനാൽ ടിക്കറ്റ് ബാഗിൽ പണവും വളരെ കുറവ്. ബസിൽ നിറയെ യാത്രക്കാരും.അത് കൊണ്ട് തന്നെ ബസ് യാത്ര മുടക്കാതെ ഇരിക്കാൻ കെ എസ് ആർ ടി സി സുൽത്താൻ ബത്തേരി യൂണിറ്റിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരൻ വയനാട് പുൽപള്ളി സ്വദേശി സുരേഷ് ടി എസും സിനീഷ് പുല്പള്ളിയും സ്വന്തം കയ്യിൽ നിന്നും പൈസ എടുത്തു കെ എസ് ആർ ടി സി മിന്നൽ ബസിൽ സ്വകാര്യ പമ്പിൽ നിന്നും ഡീസൽ അടിച്ചാണ് യാത്ര തുടർന്നത്.
കൃത്യമായ ശമ്പളം പോലും ലഭിക്കാതെ ഇരിക്കുമ്പോഴാണ് കെ എസ് ആർ ടി സി ജീവനക്കാരായ സുരേഷിന്റെയും സിനീഷിന്റെയും ഈ ഇടപെടൽ. സർവീസ് മുടക്കാതെ യാത്രക്കാരെ കൃത്യമായ സ്ഥലങ്ങളിൽ എത്തിക്കുന്നതിന് വേണ്ടി സമയയോചിതമായി പ്രവർത്തിച്ച സുൽത്താൻ ബത്തേരി കെഎസ്ആർടിസിയുടെ മിന്നൽ സർവീസിലെ ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരായ സുരേഷിനും സിനീഷിനും ടീം ന്യൂസ്ദെന്നിന്റ അഭിനന്ദനങ്ങൾ.