ബലാത്സംഗക്കേസിൽ ടിക്ടോക് താരം വിനീത് അറസ്റ്റിൽ. കോളജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ചിറയിൻകീഴ് സ്വദേശിയായ വിനീത് അറസ്റ്റിലായത്. ടിക്ടോകിൽ തുടങ്ങി റീൽസിലൂടെ താരമായി മാറിയ വിനീതിന് സമൂഹ മാധ്യമങ്ങളിൽ അനവധി ഫോളോവേഴ്സുണ്ട്. കാറ് വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തു എന്നാണ് പരാതി. പെൺകുട്ടി പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ബലാത്സംഗക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
ഒട്ടേറെ സ്ത്രീകൾ വിനീതിന്റെ വലയിൽ കുടുങ്ങിയതായിട്ടാണ് പോലീസ് കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. പലസ്ത്രീകളുമായി ചേർന്നുള്ള സ്വകാര്യ ദൃശ്യങ്ങൾ വിനീത് മൊബൈലിൽ പകർത്തിയിരുന്നു. സ്വകാര്യ ചാറ്റുകൾ അടക്കം റെക്കോർഡ് ചെയ്ത് ഇയാൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ കാണിച്ച് വിനീത് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും വിലപേശൽ നടത്തുകയും ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു വരികയാണ് അന്വേഷണ സംഘം.
സമൂഹ മാധ്യമങ്ങളിൽ വീഡിയോ ചെയ്യുന്നു എന്നതല്ലാതെ ഇയാൾക്ക് വേറെ ജോലിയൊന്നും ഇല്ല. നേരത്തെ തന്നെ കൺടോൺമെന്റ് പോലീസ് സ്റ്റേഷനിൽ മോഷണത്തിനും കിളിമാനൂർ പോലീസ് സ്റ്റേഷനിൽ അടിപിടി കേസിലും പ്രതിയാണ് വിനീത്.
നിലവിൽ കോളജ് വിദ്യാർഥിനിയുടെ പരാതിയിലാണ് വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇയാളുടെ ഫോൺ അടക്കം പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഒട്ടേറെ സ്ത്രീകളുമായി, പ്രത്യേകിച്ചും വിവാഹിതരായ സ്ത്രീകളുമായി ഇയാൾക്ക് വലിയ തോതിൽ ബന്ധമുണ്ടെന്ന് പൊലീസിനു ബോധ്യപ്പെട്ടു. ദുരുപയോഗം ചെയ്യാനുള്ള വീഡിയോ ദൃശ്യങ്ങളും ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ ഒരു സ്വകാര്യ ചാനലിൽ ജോലി ചെയ്യുന്ന ആളാണ് താൻ എന്നായിരുന്നു ഇയാൾ പലരോടു പറഞ്ഞിരുന്നത്. നേരത്തെ പൊലീസിൽ ആയിരുന്നു, ശാരീരിക അസ്വസ്ഥതകൾ കാരണം പൊലീസിൽ നിന്ന് മാറി എന്നു പറഞ്ഞാണ് ഇയാൾ ആളുകളെ ആകർഷിച്ചിരുന്നത്.
കലാരംഗത്തുള്ളവരേയും സമൂഹ മാധ്യമങ്ങളിലുള്ള പെൺകുട്ടികളേയും സമീപിച്ച് സമൂഹ മാധ്യമങ്ങളിൽ വൈറലാകാനുള്ള ടിപ്സ് നൽകും. നിരവധി ഫോളോവേഴ്സ് ഉള്ളതുകൊണ്ട് തന്നെ പെൺകുട്ടികളും യുവതികളും പെട്ടെന്ന് തന്നെ ഇയാളുടെ വലയിൽ വീഴും. പിന്നീടാണ് ഇയാൾ തനിസ്വരൂപം പുറത്തെടുക്കുക. ഇങ്ങനെയാണത്രേ പലരും ഇയാളുടെ വലയിൽ വീണത്. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.