തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സംസ്ഥാനത്തു നടന്ന സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല സമരം ആര്‍ക്ക് വേണ്ടിയായിരുന്നു എന്നും സമരം കൊണ്ട് ആര്‍ക്കെന്ത് ഗുണം ഉണ്ടായിഎന്നും അദ്ദേഹം ചോദിച്ചു.
സമരത്തില്‍ പങ്കെടുത്തവര്‍ കേസില്‍ കരുങ്ങി കഴിയുന്നു. ശബരിമല സ്ത്രീ പ്രവേശത്തെ എല്ലാവരും പിന്തുണച്ചതാണ്. പത്ത് ആളെ കിട്ടും എന്ന് കണ്ടപ്പോ ചിലര്‍ സമരവുമായി ഇറങ്ങിയതാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങള്‍ക്ക് പിന്തുണ നല്‍കാനും തിരുത്തേണ്ടത് തിരുത്താനുമാണ് നവോത്ഥാന സമിതി. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം മുന്‍പത്തേക്കാളും കൂടി. ബിജെപിയെ മാത്രം പറയാനില്ല. ശബരിമല സമരത്തോട് ആദ്യമേ എസ്എന്‍ഡിപിക്ക് യോജിപ്പില്ലായിരുന്നു. മൂന്ന് തമ്പ്രാന്മാര്‍ ചേര്‍ന്നാണ് സമരമുണ്ടാക്കിയത് എന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
അതിനിടെ, നവോത്ഥാന സമിതി സജീവമാക്കാനുള്ള നീക്കങ്ങള്‍ക്ക് തിരിച്ചടിയായി കണ്‍വീനര്‍ സ്ഥാനം പുന്നല ശ്രീകുമാര്‍ ഒഴിഞ്ഞു. തിരക്കുകള്‍ കാരണം എന്നാണ് ഔദ്യോഗിക വിശദീകരണം. സര്‍ക്കാരിന്റെ നയങ്ങളോടുള്ള അതൃപ്തി ആണ് യാഥാര്‍ത്ഥ കാരണമെന്നാണ് സൂചന. പി രാമഭദ്രനാണ് പുതിയ കണ്‍വീനര്‍.
ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ വന്‍ എതിര്‍പ്പുകളെ നേരിടാനായിരുന്നു സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് സമിതി ഉണ്ടാക്കിയത്. വനിതാമതിലടക്കം തീര്‍ത്ത് മുന്നോട്ട് പോയ സമിതി പിന്നെ നിര്‍ജ്ജീവമായി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കുകയാണ്. വര്‍ഗ്ഗീയ ശക്തികളെ നേരിടാനാണ് നീക്കമെന്നാണ് വിശദീരണം.