CultureLIFE

വഞ്ചിപ്പാട്ടിന്റെ അകമ്പടിയില്‍ പമ്പാതീരവും പൈതൃക ഗ്രാമവും ഇന്നു മുതല്‍ വള്ളസദ്യയുടെ രുചിവൈവിധ്യത്തിലേക്ക്

ആറന്മുള: പാര്‍ഥസാരഥിയുടെ മണ്ണില്‍ വഞ്ചിപ്പാട്ടിന്റെ ആരവം ഉയരുന്ന വള്ളസദ്യക്കാലത്തിന് ഇന്ന് തുടക്കമാകും.
രാവിലെ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. കീഴ്തൃക്കോവിലിലും പാര്‍ഥസാരഥി ക്ഷേത്രത്തിലും പ്രത്യേക വഴിപാടുകള്‍ നടക്കും. വള്ളസദ്യകളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് എന്‍.എസ്.എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിക്കും. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്. രാജന്‍ അധ്യക്ഷത വഹിക്കും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ മുഖ്യാതിഥിയാകും.

ഏഴു പള്ളിയോടങ്ങള്‍ക്കാണ് ആദ്യ ദിവസം വള്ളസദ്യ നടക്കുന്നത്. ഇതുവരെ വഴിപാട് വള്ളസദ്യകളുടെ ബുക്കിങ് നാനൂറോളമായിട്ടുണ്ട്. പ്രളയം മൂലം വള്ളസദ്യ മാറ്റിവച്ചവരും ഇത്തവണ വഴിപാടിനായി ബുക്ക് ചെയ്തിട്ടുണ്ട്. വഴിപാടിനാഗ്രഹിക്കുന്നവര്‍ പള്ളിയോട സേവാസംഘത്തില്‍ ബുക്ക് ചെയ്യണം.

വളളസദ്യ ഒരുക്കുന്നതിനായി അംഗീകൃത സദ്യകരാറുകാരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതില്‍നിന്ന് തുടര്‍ ദിവസങ്ങളില്‍ സദ്യ ലഭിക്കാത്ത തരത്തിലുള്ള ക്രമത്തിലാണ് വള്ളസദ്യനടത്താന്‍ ഏല്‍പ്പിക്കുന്നത്. പാചകക്കാര്‍ക്കും മറ്റ് തൊഴിലാളികള്‍ക്കും വിശ്രമം ലഭിക്കുന്നതിനും മെച്ചപ്പെട്ട സേവനം വഴിപാടുകാര്‍ക്ക് ലഭിക്കുന്നതിനുമാണ് ഇത്തരത്തിലുള്ള ക്രമീകരണം. പമ്പയിലെ ജലനിരപ്പുയര്‍ന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ടെങ്കിലും സുരക്ഷയ്ക്കുള്ള ബോട്ടുകള്‍, യമഹ വള്ളം എന്നിവ പള്ളിയോട സേവാസംഘം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആദ്യദിനം വെണ്‍പാല, ഇടനാട്, മല്ലപ്പുഴശേരി, പുന്നംതോട്ടം, തെക്കേമുറി കിഴക്ക്, തെക്കേമുറി, മാരാമണ്‍ പള്ളിയോടങ്ങള്‍ക്കാണ് വള്ളസദ്യ വഴിപാട് നടക്കുന്നത്.

ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതും പമ്പാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതുമായ സാഹചര്യം കണക്കിലെടുത്ത് ജില്ലാ ഭരണകൂടവും വള്ളസദ്യയ്ക്ക് ആവശ്യമായ തയാറെടുപ്പുകള്‍ നടത്തി. ആചാരങ്ങള്‍ക്ക് കോട്ടം വരാതെയും സുരക്ഷിതത്വത്തില്‍ ഒട്ടും വീഴ്ച വരുത്താതെയും ആറന്മുള വള്ളസദ്യ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍ പറഞ്ഞു.

പമ്പയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ അപകടം വരാത്ത രീതിയില്‍ തീരത്തോട് അടുപ്പിച്ച് പള്ളിയോടങ്ങള്‍ ബോട്ടില്‍ കെട്ടിവലിച്ച് അമ്പലക്കടവില്‍ സുരക്ഷിതമായി എത്തണം. തുടര്‍ന്ന് വഞ്ചിപ്പാട്ട് പാടി സദ്യ നിവേദ്യം സമര്‍പ്പിക്കാം. സുരക്ഷ മുന്‍ നിര്‍ത്തി ഒരു സമയത്ത് ഒരു പള്ളിയോടം മാത്രമേ വരാവൂ എന്നും കലക്ടര്‍ പള്ളിയോട സേവാസംഘത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്്.

പള്ളിയോടങ്ങള്‍ വരുന്ന സമയത്ത് കാണികള്‍ നദീ തീരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് പള്ളിയോട സേവാ സംഘത്തിനും പഞ്ചായത്തുകള്‍ക്കും കലക്ടര്‍ നിര്‍ദേശം നല്‍കി. ഇത് ഉറപ്പാക്കാന്‍ പോലീസ് സേനാ വിന്യാസവും ഉണ്ടാകും. നദിയുടെ ഒഴുക്കിനെയും ജലനിരപ്പിനെയും സംബന്ധിച്ച് ഇന്ന് രാവിലെ ഇറിഗേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അപ്പോഴത്തെ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കില്‍ തീരുമാനത്തില്‍ ഭേദഗതി വരുത്തും. നീന്തല്‍ വശം ഉള്ള 35 മുതല്‍ 40 തുഴച്ചില്‍ക്കാര്‍ മാത്രമേ ഓരോ വള്ളത്തിലും ഉണ്ടാവുകയുള്ളെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പറഞ്ഞു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പള്ളിയോട സേവസംഘത്തിന്റെ രണ്ട് യമഹ ബോട്ടുകളും ഒരു വലിയ ബോട്ടും ഉണ്ടായിരിക്കും. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഒരു ബോട്ടും ഡിങ്കി, സ്‌കൂബഡൈവിങ് ടീം,ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള സുരക്ഷ മാര്‍ഗങ്ങള്‍ ഉണ്ടാകും. ആരോഗ്യ വകുപ്പ് മെഡിക്കല്‍ ടീമിനെയും ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: