HealthLIFE

കോഴികളിലെ മഴക്കാല രോഗങ്ങളും അവയുടെ പ്രതിവിധികളും

ഴക്കാലത്ത് കോഴികളില്‍ ധാരാളം രോഗങ്ങള്‍ കണ്ടുവരാറുണ്ട്. ഈര്‍പ്പം അധികമുള്ള അന്തരീക്ഷം കോഴികള്‍ക്ക് ഒട്ടും ഗുണകരമല്ല. മഴക്കാലത്ത് കോഴികളില്‍ കൂടുതലായി കണ്ടുവരുന്ന രോഗങ്ങളാണ് രക്താതിസാരവും ബംബിള്‍ ഫൂട്ട് രോഗവും. മഴക്കാലത്ത് ലിറ്റര്‍ നനയുമ്പോഴാണ് കൂടുതലായും രക്താതിസാരം കോഴികളില്‍ വരുന്നത്. കോഴിക്കൂട്ടിലോ പരിസരത്തോ ഉള്ള ആണി, മുള്ള് തുടങ്ങി കൂര്‍ത്ത വസ്തുക്കള്‍ കോഴിയുടെ പാദത്തില്‍ തുളച്ചു കയറുകയും പിന്നീട് രോഗാണുക്കള്‍ കോഴികളില്‍ പ്രവേശിക്കുകയും ചെയ്യുന്നതോടൊപ്പം ഉണ്ടാകുന്ന രോഗ സാധ്യതയാണ് ബംബിള്‍ ഫൂട്ട് രോഗം.

രക്താതിസാരം കാണുന്ന കോഴികളുടെ കാഷ്ഠം പരിശോധിച്ചാണ് രോഗം നിര്‍ണയിക്കേണ്ടത്. ഇവയ്ക്ക് രക്തം കലര്‍ന്ന കോഴിക്കാഷ്ഠം ഉണ്ടാകുന്നു. ഇത്തരത്തില്‍ രക്തം കലര്‍ന്ന കോഴിക്കാഷ്ഠം കാണപ്പെടുന്ന കോഴികള്‍ക്ക് 99 ശതമാനവും കോക്‌സീഡിയോസിസ് അഥവാ രക്താതിസാരം ആയിരിക്കും. ഈ രോഗം വന്ന കോഴികള്‍ എപ്പോഴും തളര്‍ന്നു തൂങ്ങി നില്‍ക്കുകയും തീറ്റ എടുക്കാതിരിക്കുകയും ചെയ്യും. തീറ്റയില്‍ പൊട്ടാസ്യം, സോഡിയം തുടങ്ങി ഘടകങ്ങളുടെ അപര്യാപ്തതയും വായുസഞ്ചാരം കൂട്ടില്‍ ലഭ്യമല്ലാത്തതും രോഗകാരണങ്ങളായി വരാറുണ്ട്. അതുകൊണ്ടുതന്നെ രക്താതിസാരം ഇല്ലാതാക്കുവാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുക.

ധാരാളം വിറ്റാമിനുകള്‍ അടങ്ങിയ തീറ്റ കോഴികള്‍ക്ക് നല്‍കുക. ഇതിനെ പ്രതിരോധിക്കുവാന്‍ കോഴിത്തീറ്റയില്‍ കോക്‌സീഡിയോസ്റ്റാറ്റ് മരുന്ന് നിശ്ചിത അനുപാതത്തില്‍ ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. ഈ രോഗ സാധ്യത ഇല്ലാതാക്കുന്ന മറ്റു മരുന്നുകളാണ് ആംപ്രോസോളും ക്രോഡിനാലും. ഇത് കോഴികള്‍ക്ക് നല്‍കുമ്പോള്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം നല്‍കുക. സാധാരണഗതിയില്‍ ആംപ്രോസോള്‍ 30 ഗ്രാം 100 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 5 മുതല്‍ 7 ദിവസം വരെ നല്‍കണം. ഇനി ക്രോഡിനാല്‍ ആകുമ്പോള്‍ ഇതിന്റെ പൊടി നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി രോഗം പൂര്‍ണ്ണമായും ഭേദമാക്കുന്നതുവരെ നല്‍കാം. കോഴികള്‍ക്ക് മരുന്നു നല്‍കുമ്പോള്‍ മരുന്ന് ലായനി ഉണ്ടാക്കേണ്ടത് അതാത് ദിവസമാണ്.

ബംബിള്‍ ഫൂട്ട് രോഗം പ്രതിരോധിക്കുവാന്‍ ചെയ്യേണ്ടത് നീരുവന്ന ഭാഗം കീറി പഴുപ്പു കളഞ്ഞു അവിടെ അണുനാശിനി ഉപയോഗിച്ച് നന്നായി കഴുകുക. അതിനുശേഷം ആന്റി സെപ്റ്റിക് ഓയിന്റ്‌മെന്റ് (സള്‍ഫാ ഓയിന്റ്‌മെന്റ്) പുരട്ടാം. ഇതുകൂടാതെ കോഴിക്കൂട്ടിനുള്ളില്‍ കൂര്‍ത്ത സാധനങ്ങള്‍ ഉണ്ടെങ്കില്‍ അത് പൂര്‍ണമായും നീക്കം ചെയ്യുക. ഈ രോഗം വരുന്ന കോഴികളില്‍ കാണപ്പെടുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ മുടന്തി നടക്കുക, പാദം നീര് വന്ന് വീര്‍ക്കുക തുടങ്ങിയവയാണ്. ഈ രോഗത്തിന്റെ സമാന ലക്ഷണമുള്ള മറ്റൊരു രോഗമാണ് വൈറ്റ് കോബ്. ഇതൊരു ഫംഗസ് രോഗം ആണ്. ചെതുമ്പലുകള്‍ പിടിച്ച് ശരീരത്തില്‍ നിന്ന് തൂവലുകള്‍ കൊഴിഞ്ഞു പോകുന്നതാണ് പ്രധാന ലക്ഷണം.

ഇത്തരം രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം കോഴികളെ കൂട്ടില്‍ നിന്ന് പെട്ടെന്ന് മാറ്റുക. കൂടാതെ രോഗബാധയുള്ള സ്ഥലങ്ങളില്‍ ഫോര്‍മാലിന്‍ ലായിനി പുരട്ടി കൊടുക്കുക. ഈര്‍പ്പം അധികമുള്ള കാലാവസ്ഥയില്‍ കോഴികളില്‍ പലപ്പോഴും ചെള്ള് ബാധ ഉണ്ടാകാറുണ്ട്. രക്തം ഊറ്റി കുടിക്കുന്ന ചെള്ളുകള്‍ കോഴികളുടെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുന്നു. ചെള്ളു ബാധ ഉണ്ടായാല്‍ കോഴികള്‍ക്ക് അതിയായ ക്ഷീണം ഉണ്ടാകുന്നു. ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ കൊടുക്കുക.

 

Back to top button
error: