കോട്ടയം: കോട്ടയത്ത് പൊലീസ്-ഗുണ്ടാ മാഫിയ ബന്ധമെന്ന് ദക്ഷിണ മേഖല ഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശേരി ഡിവൈഎസ്പി ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് മാറ്റം. കുഴപ്പണല്‍ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചന കുറ്റം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റം. ഇതേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മാറ്റിയിരുന്നു. മലപ്പുറത്തും സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ഇയാളെ നിയമിച്ചത്.
ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇന്‍സ്പക്ടര്‍ക്കും, രണ്ടു പൊലീസുകാര്‍ക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപ്പോര്‍ട്ട് നല്‍കിയത്. ഗുണ്ട അരുണ്‍ ഗോപനെ കസ്റ്റഡയിലെടുത്തപ്പോള്‍ പൊലീസ് ബന്ധം പുറത്തു പറയാതിരിക്കാന്‍ ഡിവൈഎസ്പി സ്റ്റേഷനില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഡിജിപി നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു. കോട്ടയത്ത് ഗുണ്ടാ ആക്രണങ്ങള്‍ വര്‍ദ്ധിച്ചതോടെയാണ് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘം അരുണ്‍ ഗോപനെ അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പു കേസിലായിരുന്നു അരുണ്‍ ഗോപന്റെ അറസ്റ്റ്. എസ്പിയുടെ സംഘം അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയും ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് ഗുണ്ടയുടെ പൊലീസ് സൗഹൃദം പുറത്തായത്. ഇതേ തുടര്‍ന്നാണ് ഐജി പി പ്രകാശ് പ്രത്യേക സംഘത്തെ നിയോഗിച്ച് രഹസ്യന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലെ കണ്ടെത്തലുകളാണ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.
ബെംഗളൂരു കേന്ദ്രമാക്കി വടക്കന്‍ കേന്ദ്രത്തിലെ കുഴല്‍പ്പണ ഇടപാട് നിയന്ത്രിക്കുകയാണ് അരുണ്‍ ഗോപന്റെ ക്രിമിനല്‍ പ്രവര്‍ത്തനം. കോട്ടയത്തും കേസുകളുണ്ട്. എന്നാല്‍ അന്വേഷണം കാര്യമായി നടത്തുകയോ അറസ്റ്റിലേക്ക് നീങ്ങുകയോ ചെയ്യാതെ പൊലീസ് സംഘം തന്നെ കാക്കും. പൊലീസ് സൗഹൃദമായിരുന്നു ഇതിന് ഗുണ്ടക്ക് തുണയായത്. ഈയടുത്ത് കോട്ടയത്ത് ചീട്ടുകളി സംഘത്തെ ഗാന്ധി നഗര്‍ പൊലീസ് പിടികൂടിപ്പോള്‍ അരുണ്‍ ഗോപനും അതില്‍ ഉള്‍പ്പെട്ടിരുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതിന് മുമ്പ് ഒരു ഡിവൈഎസ്പി ഇടപെട്ട് അരുണ്‍ ഗോപന് സ്റ്റേഷന്‍ ജാമ്യം നല്‍കിയെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. ഇതേ ഡിവൈഎസ്പി അരുണ്‍ ഗോപനെ എസ്പിയുടെ സംഘം കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുമ്പോള്‍ സ്റ്റേഷനുള്ളില്‍ കയറി പൊലീസ് ബന്ധം പുറത്തുപറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടു പോലീസുകാര്‍ നിരന്തരമായി ഗുണ്ടയുമായി ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ ഗുണ്ടകള്‍ ഒരുക്കിയ പാര്‍ട്ടികളിലും പങ്കെടുത്തിട്ടുണ്ട്. പൊലീസ് നീക്കങ്ങളും ഇവര്‍ അരുണ്‍ ഗോപന് ചോര്‍ത്തി കൊടുത്തുവെന്നായിരുന്നു ഐജിയുടെ റിപ്പോര്‍ട്ട്.