NEWSWorld

ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് തായ്‌വാനില്‍ കാല് കുത്തി യുഎസ് പ്രതിനിധി സംഘം, ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക്

 

ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് തായ്‌വാനില്‍ കാല് കുത്തി യുഎസ് പ്രതിനിധി സംഘം. യുഎസ് പാര്‍ലമെന്റ് സ്പീക്കര്‍ നാന്‍സി പെലോസിയും സംഘവും ചൈനീസ് നിയന്ത്രണത്തിലുള്ള തായ്‌വാനില്‍ എത്തിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം രൂക്ഷമാക്കിയിരിക്കുകയാണ്. തായ്‌വാന്‍ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്നും അമേരിക്കന്‍ നടപടി കടുത്ത പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും ചൈനീസ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഉയര്‍ന്ന റാങ്കിലുള്ള ഒരു അമേരിക്കല്‍ പ്രതിനിധി തായ് വാനില്‍ എത്തുന്നത്. ഷിയാമെന്‍ പ്രദേശത്തിന് ചുറ്റുമുള്ള കിഴക്കന്‍ തീരത്തിന്റെ വ്യോമപാത ചൈന അടച്ചൂപൂട്ടിയിരിക്കെയാണ് നാന്‍സി പെലോസിയുടെ വിമാനം തായ് പേയില്‍ ഇറങ്ങിയത്. ചൈനീസ് പോര്‍ വിമാനങ്ങള്‍ തായ് വാന്‍ കടലിടുക്കിലേക്ക് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സന്ദര്‍ശത്തിന് തൊട്ടുപിന്നാലെ പ്രതികരണവുമായി നാന്‍സി പെലോസി രംഗത്തെത്തി. ‘ഞങ്ങളുടെ പ്രതിനിധി സംഘത്തിന്റെ തായ്‌വാന്‍ സന്ദര്‍ശനം തായ് വാന്റെ ജനാധിപത്യത്തോടുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണയും ആദരവുമാണ്. ഈ സന്ദര്‍ശനം ചൈനീസ്-യുഎസ് ധാരണകളെ ഒരു തരത്തിലും ലംഘിക്കുന്നില്ല’ 1979ലെ തായ് വാന്‍ റിലേഷന്‍സ് ആക്ട് ചൂണ്ടിക്കാട്ടി പെലോസി ട്വീറ്റ് ചെയ്തു.തായ് വാനിലെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിക്കും വിധമുള്ള പ്രകോപനമാണ് അമേരിക്ക നടത്തുന്നതെന്ന് ചൈനീസ് ഭരണകൂടം പ്രതികരിച്ചു. ചൈനയുടെ പരമാധികാരത്തേയും സുരക്ഷാ താല്‍പര്യങ്ങളേയും വിലകുറച്ച് കാണുന്നതിന് യുഎസ് വില നല്‍കുകയും ഉത്തരവാദിത്തമേല്‍ക്കുകയും ചെയ്യേണ്ടിവരുമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ചൈനയുടെ ഭീഷണികള്‍ തള്ളിയ യുഎസ് സ്വയം പ്രതിരോധിക്കുന്നതില്‍ തായ് വാന്‍ ദ്വീപിനെ സഹായിക്കേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അറിയിച്ചു.

 

 

Back to top button
error: