തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയില്‍. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജി നാളെ കോടതി പരിഗണിക്കും. ഐപിസി 193 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ ഇത്തരത്തില്‍ കുറ്റം ചുമത്താന്‍ കഴിയില്ല. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയാണ് കുറ്റപത്രം സ്വീകരിച്ചുകൊണ്ടുള്ള തുടര്‍നടപടികളിലേക്ക് മജിസ്‌ട്രേറ്റ് കോടതി പോയിരിക്കുന്നതെന്നുമാണ് ആന്റണി രാജുവിന്റെ വാദം. താന്‍ ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള വ്യക്തിയല്ലെന്നും ഹര്‍ജിയില്‍ ആന്റണി രാജു പറയുന്നു.
ഇതിനിടെ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഹര്‍ജിക്കാരന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിചാരണ തുടങ്ങാത്തത് ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിയായിരുന്നു ഹൈക്കോടിയെ സമീപിച്ചത്.