റിലീസിന് തയ്യാറെടുക്കവേ വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് ആമിർ ഖാൻ നായകനായ ലാൽ സിങ് ഛദ്ദ എന്ന ചിത്രം. ചിത്രത്തിനെതിരെ ട്വിറ്ററിൽ ബോയ്കോട്ട് ലാൽ സിങ് ഛദ്ദ എന്ന ഹാഷ് ടാഗ് ക്യാമ്പെയിൻ ഉയർന്നിരിക്കുകയാണ്. തന്റെ ചിത്രം ബഹിഷ്കരിക്കരുത് എന്ന അഭ്യർത്ഥനയുമായി വന്നിരിക്കുകയാണ് ആമിർ ഖാൻ. ബോയ്കോട്ട് ബോളിവുഡ്, ബോയ്കോട്ട് ലാൽ സിങ് ഛദ്ദ, ബോയ്കോട്ട് ആമിർ ഖാൻ തുടങ്ങിയ ക്യാമ്പെയിനുകളിൽ താൻ ദുഃഖിതനാണെന്ന് ആമിർ മുംബൈയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ത്യയെ ഇഷ്ടപ്പെടാത്തയാളാണ് താനെന്നുള്ള തരത്തിൽ ചിലർ വിശ്വസിക്കുന്നതിൽ ദുഃഖമുണ്ടെന്നും അതൊരിക്കലും ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞാനീ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. എന്റെ സിനിമ ബഹിഷ്കരിക്കാതെ എല്ലാവരും പോയി കാണണം.” ആമിർ പറഞ്ഞു. ഇതാദ്യമായല്ല ലാൽ സിങ് ഛദ്ദയ്ക്കുനേരെ ബഹിഷ്കരണാഹ്വാനം വരുന്നത്. മാസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തപ്പോഴും സമാനരീതിയിലുള്ള പ്രതികരണങ്ങൾ അണിയറപ്രവർത്തകർക്കുനേരെ ഉയർന്നിരുന്നു.
2015-ൽ നടത്തിയ ഒരഭിമുഖത്തിൽ നമ്മുടെ രാജ്യം വളരെ സഹിഷ്ണുതയുള്ളതാണെങ്കിലും ചിലർ വെറുപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആമിർ പറഞ്ഞിരുന്നു. കുട്ടികളുടെ ഭാവിയോർത്ത് ഇന്ത്യവിടാൻ ആലോചിക്കുന്നതായി ആമിറിന്റെ മുൻഭാര്യ പറഞ്ഞതും അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 1994-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി പതിപ്പാണ് ലാൽ സിങ് ഛദ്ദ. ആഗസ്റ്റ് 11നാണ് അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. തെലുങ്ക് താരം നാഗചൈതന്യ, കരീന കപൂർ, മോന സിങ് എന്നിവരാണ് മറ്റഭിനേതാക്കൾ.