CrimeNEWS

മനുഷ്യക്കടത്തിനെതിരെ സൗദി; 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയും ശിക്ഷ

റിയാദ്: മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമായിരിക്കും ശിക്ഷയെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് പറഞ്ഞു. എല്ലാ വര്‍ഷവും ജൂലൈ 30 അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യക്കടത്ത് ചെറുക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും കുറ്റവാളികള്‍ക്കെതിരെയുള്ള ശിക്ഷകളും നടപ്പാക്കാന്‍ രാജ്യം ഏറെ ജാഗ്രത കാണിക്കും. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വതന്ത്ര പ്രോസിക്യൂഷന്‍ സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുടെ യോജിച്ച ശ്രമങ്ങളിലൂടെയും ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലൂടെയും മനുഷ്യക്കടത്ത് ചെറുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: