NEWSWorld

കോവിഡ് ചതിച്ചു; ദിവസം 4000 പേര്‍ എച്ച്‌ഐവി ബാധിതരാകുന്നു; ഞെട്ടിക്കുന്ന കണക്കുമായി സഹായമഭ്യര്‍ഥിച്ച് യു.എന്‍.

കോവിഡ് പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞെന്നും ഒരു ദിവസം ലോകത്ത് 4,000 പേരെ എച്ച്‌ഐവി ബാധിക്കുന്നതായും ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ എച്ച്‌ഐവി/എയ്ഡ്സ് പദ്ധതിയുടെ ഭാഗമായ ഗ്ലോബല്‍ എച്ച്‌ഐവി റെസ്‌പോണ്‍സ് എന്ന പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കൊവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉണ്ടായ പ്രതിസന്ധിയില്‍ എച്ച്ഐവിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തനെ കുറഞ്ഞുവെന്നും തല്‍ഫലമായി ദശലക്ഷക്കണക്കിന് ജീവനുകള്‍ അപകടത്തിലായെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. കിഴക്കന്‍ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ വര്‍ഷങ്ങളായി വാര്‍ഷിക എച്ച്‌ഐവി അണുബാധകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Signature-ad

ആഗോള തലത്തില്‍ എയ്ഡ്സ് പ്രതിരോധം അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നതെന്ന്
യുഎന്‍എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബയനിമ പ്രസ്താവനയില്‍ പറഞ്ഞു. എയ്ഡ്സ് ഓരോ മിനിറ്റിലും ഒരു ജീവന്‍ അപഹരിക്കുന്നു. ഫലപ്രദമായ എച്ച്‌ഐവി ചികിത്സാ സംവിധാനങ്ങള്‍ ഉണ്ടായിട്ടും 2021-ല്‍ 6,50,000 എയ്ഡ്സ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് വിന്നി ബയനി പറഞ്ഞു.

പുതിയ എച്ച്‌ഐവി അണുബാധകള്‍ കുറയ്ക്കുന്നതിലെ പുരോഗതി മന്ദഗതിയിലാണ്. ലോകമെമ്പാടും ഓരോ ദിവസവും 4,000 ആളുകള്‍ രോഗബാധിതരാകുന്നു. എച്ച്‌ഐവി പ്രതിരോധത്തിലും ചികിത്സയിലേക്കുള്ള പ്രവേശനത്തിലും നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി ഐക്യരാഷ്ട്രസഭ ട്വീറ്റ് ചെയ്തു.

Back to top button
error: