KeralaNEWS

സാമൂഹിക സുരക്ഷാ പെൻഷൻ അർഹതയില്ലാതെ കൈപ്പറ്റുന്നവരെ കണ്ടെത്താനുള്ള നടപടി സർക്കാർ കർശനമാക്കി

അർഹതയില്ലാതെ സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താനുള്ള നടപടികൾ സംസ്ഥാന സർക്കാർ കർശനമാക്കി. അനർഹരെ കണ്ടെത്തി എത്രയുംവേഗം അവരെ ഒഴിവാക്കാനാണ് തീരുമാനം. നിലവിൽ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ 9600 പേർ രണ്ട് ഏക്കറിലധികം ഭൂമിയുള്ളവരാണെന്നു ധനവകുപ്പു കണ്ടെത്തിയിട്ടുണ്ട്. സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവരിൽ പട്ടിക വിഭാഗക്കാർ ഒഴികെയുള്ളവർക്ക് സ്വന്തം പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറിൽ കൂടുതൽ ഭൂമി ഉണ്ടാകാൻ പാടില്ലെന്നാണു നിബന്ധന. ഇത് മറച്ചുവച്ചാണ് പലരും പെൻഷൻ വാങ്ങുന്നത്.

ഇവരെ പദ്ധതിയിൽ നിന്ന് നീക്കാനുള്ള നടപടികൾ തദ്ദേശ വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത്തരക്കാരെ ഹിയറിംഗിന് വിളിച്ച് അവരുടെ ഭൂരേഖകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. നിലവിൽ ഒരാൾക്ക് പ്രതിമാസം 1600 രൂപയാണ് പെൻഷനായി നൽകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ അനർഹർക്ക് പെൻഷൻ നൽകാൻ കോടികൾ ചെലവിടുന്നതിനെതിരെ രൂക്ഷവിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Signature-ad

സംസ്ഥാനത്തെ കടമെടുപ്പിനുൾപ്പെടെ കേന്ദ്രം കർശന നിബന്ധനകൾ കൊണ്ടുവന്നതോടെ പെൻഷൻ വിതരണം എങ്ങനെ നടത്തും  എന്നറിയാത്ത അവസ്ഥയിലാണ് സർക്കാർ. പൊടുന്നനെ കർശന നടപടിയിലേക്ക് കടക്കാൻ പ്രേരണയായതിൻ്റെ കാരണം അതാണ്.

Back to top button
error: