മുംബൈ: വധഭീഷണിയുടെ പശ്ചാത്തലത്തില്‍, നടന്‍ സല്‍മാന്‍ ഖാന് തോക്കുപയോഗിക്കാന്‍ ലൈസന്‍സ് അനുവദിച്ച് മുംബൈ പോലീസ്. ഒരു തോക്ക് കൈവശം വെയ്ക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്.
അതേസമയം ഏത് തോക്കായിരിക്കും താരത്തിന് വാങ്ങാനാവുക എന്ന കാര്യം വ്യക്തമായിട്ടില്ല. പോയിന്റ് 32 കാലിബര്‍ പിസ്റ്റളോ റിവോള്‍വറോ ആയിരിക്കും സല്‍മാന് ഉപയോഗിക്കാനാവുക എന്നാണ് വിദഗ്ധര്‍ പറയുന്നത്.
അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടായതിനേത്തുടര്‍ന്ന് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22-ന് പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സാല്‍കറെ കാണുകയും ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. സല്‍മാന്റെ അപേക്ഷ താരം താമസിക്കുന്ന സോണ്‍ 9-ന്റെ ചുമതലയുള്ള ഡി.സി.പിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് സല്‍മാന്‍ ഖാന് തോക്ക് ലൈസന്‍സ് അനുവദിച്ചത്.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ, മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും എന്ന് സല്‍മാന് കത്ത് ലഭിക്കുകയായിരുന്നു. സല്‍മാന്‍ ഖാനും അദ്ദേഹത്തിന്റെ പിതാവിനും കത്തില്‍ വധഭീഷണി ഉണ്ടായിരുന്നു.