തിരുവനന്തപുരം: തൃശ്ശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ചു.
ആലപ്പുഴ വൈറോളജി ലാബിലെയും പിന്നീട് പുണെ വൈറോളജി ലാബിലെയും പരിശോധനയിലാണ് മങ്കിപോക്സ് ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. മങ്കിപോക്സ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യമരണമാണ് ഇത്.
21-ാം തീയതിയാണ് ചാവക്കാട് സ്വദേശിയായ യുവാവ് യു.എ.ഇയില്‍നിന്ന് കേരളത്തിലെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞിരുന്ന ഇയാള്‍ 27 ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. ശനിയാഴ്ച രാവിലെയാണ് മരണമടഞ്ഞത്. തുടര്‍ന്ന് സ്രവസാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
യുവാവിന് വിദേശത്തു നടത്തിയ പരിശോധനയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതു മറച്ചുവച്ച് കേരളത്തിലെത്തുകയും ചികിത്സതേടാന്‍ വൈകുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവം അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് ഉന്നതതല സംഘത്തെ നിയോഗിച്ചിരിക്കുകയാണ്.
യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയും റൂട്ട് മാപ്പുമടക്കം തയാറാക്കി മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. വകുപ്പിന്റെ പ്രത്യേക സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യാനും തീരുമാനമായിരുന്നു.
യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 15 പേരാണുള്ളത്. യുവാവിനെ കൂട്ടിക്കൊണ്ട് വരാന്‍ കരിപ്പുര്‍ വിമാനത്താവളത്തിലേക്ക് പോയത് നാല് കൂട്ടുകാരാണ്. ഇവരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാനും പോയിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതോടെ ഇവരോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടും.
യുവാവ് മരിച്ചതിന് പിന്നാലെ മങ്കിപോക്സ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്നും വിദേശത്തു നടത്തിയ പരിശോധനയില്‍ മങ്കിപോക്സ് പോസിറ്റീവ് ആയിരുന്നെന്നും വീട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചു. തുടര്‍ന്നാണ് സ്രവസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ഫലമാണ് ലഭിച്ചത്. പിന്നാലെ പുണെ വൈറോളജി ലാബിലേക്ക് അയക്കുകയും അവിടെയും പോസിറ്റീവ് ഫലം ലഭിക്കുകയുമായിരുന്നു.