NEWS

പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; മറ്റൊരാളെ രക്ഷപ്പെടുത്തി

റാന്നി: കനത്തമഴയിൽ പത്തനംതിട്ട ജില്ലയുടെ വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ. മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി.
കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു മരിച്ചത്.വെച്ചൂച്ചിറ ചാത്തൻ‌തറ ചേന്നമറ്റം സാമുവേലിനെയാണ് (27) നാട്ടുകാർ രക്ഷപ്പെടുത്തിയത്.ഞായറാഴ്ച രാത്രി 7.45ന് ആയിരുന്നു സംഭവം.
ചാത്തൻതറയിൽനിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരുന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളംകയറിയതിനാൽ ബൈക്കിൽ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ബൈക്കുവച്ച ശേഷം കൈകൾകൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി.അദ്വൈത് ഒഴുക്കിൽപ്പെട്ടു.അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു.സീതത്തോട് മേഖലയിൽ കൊച്ചുകോയിക്കൽ തോട്, വയ്യാറ്റുപുഴ തോട്, സീതക്കുഴിത്തോട് എന്നിവ കരകവിഞ്ഞു. കക്കാട്ടിൽ ജലനിരപ്പ് ഉയർന്നതോടെ അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ അണക്കെട്ട് എന്നിവയുടെ ഷട്ടറുകൾ ഉയർത്തി.കൊക്കാത്തോട് ചപ്പാത്തിൽ കാർ ഒഴുക്കിൽപെട്ടു.ജില്ലയിൽ 4 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Back to top button
error: